
തിരുവനന്തപുരം: പാപ്പനംകോട്ടുനിന്നു തുടങ്ങി കിള്ളിപ്പാലം, പാളയം, ശ്രീകാര്യം വഴി കഴക്കൂട്ടത്തിനു സമീപം ടെക്നോപാർക്കുവരെ ഒന്നാംഘട്ടത്തിൽ എത്തി ബൈപ്പാസിലൂടെ ഈഞ്ചയ്ക്കലിൽ അവസാനിക്കുന്ന വിധത്തിൽ 31 കിലോമീറ്റർ നീളം വരുന്ന തിരുവനന്തപുരം മെട്രോയ്ക്കുള്ള ആദ്യ അലൈൻമെന്റിന് സർക്കാർ അനുമതി നൽകി.
ടെക്നോപാർക്കിന്റെ മൂന്ന് ഫെയ്‌സുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവ ബന്ധിപ്പിക്കുന്നതരത്തിലാണ് അലൈൻമെന്റ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനുവേണ്ടിയുള്ള ഡിപിആർ കെഎംആർഎൽ ഉടൻ തയ്യാറാക്കും.
പാപ്പനംകോട്ടു നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, മെഡിക്കൽ കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കും. 27 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. ടെക്നോപാർക്ക് ഫെയ്സ് വൺ ആണ് ഇന്റർചേഞ്ച് സ്റ്റേഷൻ. ഈഞ്ചയ്ക്കൽ ടെർമിനൽ സ്റ്റേഷനായിരിക്കും.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഒന്നാംഘട്ട അലൈൻമെന്റിൽ ശുപാർശചെയ്തിട്ടുള്ള മെട്രോ സ്റ്റേഷനുകൾ
പാപ്പനംകോട്, കൈമനം, കരമന, കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്നോപാർക്ക് ഫെയ്സ് വൺ, ടെക്നോപാർക്ക് ഫെയ്സ് ത്രീ, കുളത്തൂർ, ടെക്നോപാർക്ക് ഫെയ്സ് ടൂ, ആക്കുളം ലേക്ക്, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, എയർപോർട്ട്, ഈഞ്ചയ്ക്കൽ.






