
മുംബൈ: ഇന്ത്യയുടെ കറൻസി ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച കണ്ടുപിടിത്തമായിരുന്നു യുപിഐ. ഇന്ത്യയുടെ ഈ കണ്ടുപിടിത്തം ഇന്ന് ആഗോളതലത്തിൽ മറ്റു രാജ്യങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തന വേഗം വർധിപ്പിച്ചു. പണം അയയ്ക്കുന്നതിനും, സ്വീകരിക്കുന്നതിനും സൗകര്യപ്രദവും, വേഗമേറിയതും, സുരക്ഷിതവുമായ മാർഗമായി യുപിഐ മാറികഴിഞ്ഞു. തുടക്കം മുതൽ നാളിന്നു വരെ യുപിഐ ഇടപാടുകൾ സൗജന്യമാണ്. ആളുകൾ ഈ രീതി ഏറ്റെടുക്കാനുള്ള കാരണവും ഇതു തന്നെ.
യുപിഐ ഇടപാടുകൾ വഴി ഫിൻടെക് ഭീമന്മാരായ ഗൂഗിൾ പേയും, ഫോൺപേയും കഴിഞ്ഞ വർഷം വരെ ഒരു ഭൗതിക ഉൽപ്പന്നവും വിൽക്കാതെ 5,065 കോടിയിലധികം രൂപ സമ്പാദിച്ചെന്നു പറഞ്ഞാൽ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? വിശ്വാസം, സ്‌കെയിൽ, നവീകരണം എന്നിവയിൽ വേരൂന്നിയ അവരുടെ അതുല്യമായ ബിസിനസ് മോഡലുകളിലാണ് ഈ രഹസ്യം ഒളിഞ്ഞിരിക്കുന്നത്.
നിങ്ങൾ ഇന്ന് കടകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ പണം കിട്ടി എന്നതിന്റെ ഒരു ശബ്ദ അറിയിപ്പ് ശ്രദ്ധിച്ചിട്ടുണ്ടാകും. ഗൂഗിൾപേ, ഫോൺപേ പോലുള്ള കമ്പനികളുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം ഈ ഉപകരണം ആണെന്നു പറഞ്ഞാൽ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? ഈ ഉപകരണങ്ങൾക്ക് പ്രതിമാസം 100 രൂപ വാടകയുണ്ടെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ന ഈ സേവനം ഉപയോഗിക്കുന്ന 3 ദശലക്ഷത്തിലധികം സ്റ്റോറുകൾ രാജ്യത്തുണ്ട്. ഇതു വഴി മാത്രം കമ്പനികൾ പ്രതിമാസം 30 കോടി രൂപ അല്ലെങ്കിൽ പ്രതിവർഷം 360 കോടി രൂപ സമ്പാദിക്കുന്നുണ്ട്.
കമ്പനികളുടെ പരസ്യ വരുമാനത്തിന്റെ താക്കോൽ ആണ് സ്‌ക്രാച്ച് കാർഡുകൾ. പണ്ടെല്ലാം ചെറിയ തുക ക്യാഷ്ബാക്ക് നൽകിയിരുന്ന ഈ കാർഡുകളിൽ ഇന്ന് പലരുടെയും ഉൽപ്പന്ന പ്രമോഷനുകളാണ്.
കുറച്ചു കൂടി വ്യക്തമാക്കിയാൽ സമർത്ഥമായ പരസ്യ ഉപകരണങ്ങളാണ്. ബ്രാൻഡുകൾ ഇത്തരം കാർഡുകൾ വഴിയുള്ള പ്രമോഷന് പണം നൽകുന്നു.
ഇന്ന് കേവലം യുപിഐ പേയ്‌മെന്റ് ആപ്പുകൾ മാത്രമല്ല ഗൂഗിൾപേ, ഫോൺപേ പോലുള്ള ആപ്പുകൾ. റീചാർജുകൾ, ഇൻഷുറൻസുകൾ തുടങ്ങി ഷോപ്പിംഗ് വരെ ഇവിടെ സാധ്യമാണ്.
എന്തിന്, ചെറുകിട ബിസിനസുകൾക്കായി ഒരു സോഫ്റ്റ്വെയർ-ആസ്-എ-സർവീസ് (SaaS) ഇക്കോസിസ്റ്റം വരെ തയ്യാറായി കഴിഞ്ഞു. ജിഎസ്ടി ഫയലിംഗ് സഹായം, ഇൻവോയ്സ് ജനറേറ്ററുകൾ, മൈക്രോ-ലോണുകൾ തുടങ്ങിയ സേവനങ്ങൾ പുതിയ വരുമാന സ്രോതസുകളായി പരിണമിച്ചു.