
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റികളുടെ റേറ്റിംഗ് ‘ഓവര്‍വെയ്റ്റാക്കി’ ഉയര്‍ത്തിയിരിക്കയാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ്. 2024 ലെ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് പരിഷ്‌ക്കരിച്ചത്. 2026 ഡിസംബറോടെ നിഫ്റ്റി 14 ശതമാനം ഉയര്‍ന്ന് 29,000 ത്തിലെത്തുമെന്നും ഇവര്‍ പ്രവചിച്ചു. ശക്തമായ നിക്ഷേപ സാധ്യതയുള്ള മേഖലകളായി ധനകാര്യം, ഉപഭോക്തൃ ഘടകങ്ങള്‍, പ്രതിരോധം, എണ്ണ വിപണന കമ്പനികള്‍ എന്നിവയെയാണ് ബ്രോക്കറേജ് എടുത്തുകാണിക്കുന്നത്.
മൂല്യനിര്‍ണ്ണയം വില-വരുമാനത്തിന്റെ 23 മടങ്ങ് ഉയര്‍ന്ന നിലയില്‍ തുടരുന്നെങ്കിലും വലിയ വിപണി തകര്‍ച്ച ബ്രോക്കറേജ് പ്രതീക്ഷിക്കുന്നില്ല. മുമ്പ്, ഇന്ത്യന്‍ ഓഹരികള്‍ക്ക് വളരെ ഉയര്‍ന്ന വിലയായിരുന്നു – മറ്റ് ഏഷ്യന്‍ ഓഹരികളേക്കാള്‍ ഏകദേശം 85 മുതല്‍ 90 ശതമാനം വരെ കൂടുതല്‍. എന്നാല്‍ ഇപ്പോള്‍, ആ വിടവ് ഏകദേശം 45 ശതമാനമായി കുറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യന്‍ ഓഹരികള്‍ പഴയതുപോലെ അമിതവിലയിലല്ല എന്നാണ്. ഇക്കാരണത്താല്‍, കുത്തനെ ഇടിവ് സംഭവിക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ല.
എഎസ് സിഐ ഇന്ത്യ സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളുടെ ലാഭവളര്‍ച്ച നടപ്പ് വര്‍ഷത്തെ 10 ശതമാനത്തില്‍ നിന്നും അടുത്തവര്‍ഷം 14 ശതമാനമായി ഉയരുമെന്നും വരുമാനക്കുറവ്, ബാഹ്യസമ്മര്‍ദ്ദങ്ങള്‍, എഐ സ്വാധിനം കാരണം ബിസിനസ് മോഡലുകള്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകുക എന്നിവ വെല്ലുവിളികളാണെന്നും ബ്രോക്കറേജ് നിരീക്ഷിച്ചു. ഇടത്തരം ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം ട്രാക്ക് ചെയ്യുന്ന സൂചികയാണ് എംഎസ്സിഐ ഇന്ത്യ.
മറ്റ് എമേര്‍ജിംഗ് വിപണികളുടെ 30 ശതമാനത്തെ അപേക്ഷിച്ച് നടപ്പ് വര്‍ഷത്തില്‍ ഇന്ത്യന്‍ സൂചികകള്‍ 3 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, ചാക്രിക വളര്‍ച്ചാ മാന്ദ്യം,പ്രതീക്ഷകള്‍ക്കനുസരിച്ച് അറ്റാദായം ഉയരാത്ത അവസ്ഥ എന്നിവ കാരണമാണിത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പണനയം, ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം എന്നിവ കാരണം ഇവ പഴങ്കഥകളാകുകയും രാജ്യം വളര്‍ച്ച ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ ഏര്‍ണിംഗ് പര്‍ ഷെയര്‍ (ഇപിഎസ്) വരള്‍ച്ച കൂടുതല്‍ കാലം നീണ്ടുനില്‍ക്കില്ല.





