
മുംബൈ: വന്‍ പ്രതിവാര ഇടിവ് നേരിട്ട സ്വര്‍ണ്ണം, വെള്ളി അവധി വിലകള്‍ വ്യാഴാഴ്ച വീണ്ടെടുപ്പ് നടത്തി. മൂല്യാധിഷ്ഠിത വാങ്ങലുകളാണ് വിലയില്‍ പ്രതിഫലിച്ചത്.വിലകുറഞ്ഞത് ഇരു ലോഹങ്ങളേയും ആകര്‍ഷകമാക്കി.
യുഎസ് ചൈന വ്യാപാര അനിശ്ചിതത്വവും റഷ്യയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധവും കാരണം ഭൗമരാഷ്ട്രീയം മോശമായ സാഹചര്യത്തിലാണ് വിലകള്‍ വീണ്ടും ഉയര്‍ന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി ലോഹങ്ങള്‍ സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങളാകുന്നു.
മള്‍ട്ടി, കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) സ്വര്‍ണ്ണത്തിന്റെ ഡിസംബര്‍ അവധി കരാര്‍ 2093 രൂപ അഥവാ 1.72 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 123950 രൂപയിലെത്തി. ഒരു ഘട്ടത്തില്‍ വില 1,24,233 തൊട്ടിരുന്നു. വെള്ളിവിലയില്‍ 3532 രൂപ അഥവാ 2.43 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. വെള്ളി കിലോഗ്രാമിന് 149090 രൂപയായി. മാര്‍ച്ച് 2026 വെള്ളി കരാര്‍ 4153 രൂപ അഥവാ 2.83 ശതമാനം ഉയര്‍ന്ന് 150,771 രൂപ.
ബുധനാഴ്ച സ്വര്‍ണ്ണം 5 ശതമാനവും വെള്ളി 3.17 ശതമാനവും ഇടിഞ്ഞിരുന്നു. ലാഭമെടുപ്പാണ് ഇരു ലോഹങ്ങളുടേയും വിലയിടിച്ചത്. കൂടാതെ നിക്ഷേപകര്‍ യുഎസ് ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പ ഡാറ്റയ്ക്കായി കാത്തിരിക്കയാണ്. അതിന് ശേഷം മാത്രമാണ് ഫെഡ് റിസര്‍വ് തീരുമാനത്തില്‍ വ്യക്തതയുണ്ടാകുക.
അതുകൊണ്ടുതന്നെ, മൊത്തത്തില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നു.






