ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്വർണത്തിന്റെ സാമ്പത്തിക രാഷ്ട്രീയം; മലയാളിയുടെ ആശ്രയവും വിപണി അനിശ്ചിതത്വവും

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രം​ഗത്ത് സ്വർണത്തിന് നിർണായക സ്ഥാനമുണ്ട്. വിവാഹങ്ങൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ എന്ന് തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടത്തിലും സ്വർണാഭരണം മലയാളിക്ക് അവിഭാജ്യ ഘടകമാണ്. നിക്ഷേപം എന്ന നിലയിലും അന്തസിന്റെ പ്രതീകം എന്ന നിലയിലും സ്വർണം മലയാളിയുടെ ജീവിതത്തിൽ നിന്നും അടർത്തി നീക്കാനാകാത്തവിധം തലമുറകളായി വേരുറച്ചിരിക്കുകയാണ്. രാജ്യത്തെ സ്വർണ ശേഖരത്തിന്റെ ഒരു വലിയ വിഹിതം കൈവശം വയ്ക്കുന്നുവെന്നത് മലയാളി സ്ത്രീകളാണെന്ന കണക്കുകളും ഇതിന് തെളിവാണ്.

സാമ്പത്തിക ആശ്രയം
കേരളത്തിലെ പല കുടുംബങ്ങൾക്കും സ്വർണം സുരക്ഷിത നിക്ഷേപവും അടിയന്തര ധന സ്രോതസ്സും കൂടിയാണ്. വിദ്യാഭ്യാസ ചെലവുകൾ, ആശുപത്രി ചെലവുകൾ, വിദേശ കുടിയേറ്റം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായുളള വായ്പ എന്നിവയ്ക്കെല്ലാം സ്വർണ വായ്പയെ ആശ്രയിക്കുന്നവരാണ് നല്ലൊരു പങ്കും. വസ്തുവിന്റെയും ഭൂമിയുടെയും പേരിൽ വായ്പ നിഷേധിക്കുന്ന ബാങ്കുകളും ബാങ്കിം​ഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വർണം പണയമായി സ്വീകരിച്ച് വായ്പ നൽകും. ഇതെല്ലാം പിന്നെയും പിന്നെയും സംസ്ഥാനത്തിന് സ്വർണത്തോടുളള പ്രണയം വർധിപ്പിക്കുന്നു. വീട്ടിലെ അലമാരയിലിരിക്കുന്ന ആഭരണങ്ങൾ പോലും സാമ്പത്തിക സുരക്ഷാ വലയമാണെന്ന നിലയിലേക്ക് മലയാളിയുടെ വിശ്വാസം മാറുകയും ജീവിതരീതി അതിനനുസൃതമായി ചിട്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

വിലക്കയറ്റത്തിന്റെ ആഘാതം
കേരളത്തിലെ ആഭരണ വിപണി വലിയൊരു മത്സര വേദിയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണാഭരണ കടകളിൽ പലതും കേരളത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ബ്രാൻഡഡ് കമ്പനികളും പ്രാദേശിക ജ്വല്ലറികളും തമ്മിലുള്ള മത്സരം ഉപഭോക്താക്കൾക്ക് വൈവിധ്യവും സേവന നിലവാരവും നൽകുമ്പോൾ, വിലയിലെ ഉയർച്ചയും സാമ്പത്തിക അനിശ്ചിതത്വവും വാങ്ങലുകളെ ബാധിക്കുന്നു. പലപ്പോഴും ഉപഭോക്താക്കൾ ചെറിയ തൂക്കത്തിലുളള ആഭരണങ്ങൾ വാങ്ങുകയോ, സ്വർണ നിക്ഷേപ പദ്ധതികളിൽ ചേരുകയോ ചെയ്യുന്നു. എന്നാൽ, സ്വർണ വിലയിലെ അനിശ്ചിതത്വം മലയാളി കുടുംബങ്ങളെ പലപ്പോഴും ആശങ്കയിലാഴ്ത്താറുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഡോളറിന്റെ നിരക്ക് മാറ്റങ്ങൾ, ക്രൂഡ് ഓയ്ൽ വില, ആ​ഗോള സാമ്പത്തിക പ്രതിസന്ധികൾ, കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ എന്നിവയെല്ലാം സ്വർണ വിലയെ നേരിട്ട് ബാധിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ സ്വർണ വില 100 ശതമാനത്തിൽ അധികമാണ് വർധിച്ചിട്ടുണ്ട്. വിവാഹ ചെലവുകൾ ഉയരുകയും ഇത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കൂട്ടുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എത്ര വില വർധിച്ചാലും സ്വർണത്തിനോടുളള ആസക്തി കുറയാത്തതും ഒരു ഉത്തരമില്ലാത്ത ചോദ്യമായി മാറുകയാണ്.

സാമ്പത്തിക രാഷ്ട്രീയം
സംസ്ഥാനത്ത് സ്വർണം വെറും ആഭരണമായി മാത്രമല്ല, സാമ്പത്തിക രാഷ്ട്രീയത്തിന്റെ ഭാഗമായും മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകളിൽ സ്വർണ വിലയിലെ കുതിച്ചുചാട്ടം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായിത്തീരാറുണ്ട്. കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവ ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്ന നടപടി ആഭരണ വിപണിയെ നേരിട്ട് ബാധിക്കുന്നു. സ്വർണം വാങ്ങുന്നതിനുളള ചെലവ് വർധിക്കുന്നത് സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റിൽ സമ്മദം സൃഷ്ടിക്കുകയും അതിലൂടെ സാമൂഹിക-രാഷ്ട്രീയ ചർച്ചകൾക്കും കാരണമാവുകയും ചെയ്യുന്നു.

അതുപോലെ, സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ താങ്ങുന്ന പ്രധാന ശക്തിയാണ് പ്രവാസി മലയാളികളുടെ റെമിറ്റൻസ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിലെ ബന്ധുക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങിക്കൊടുക്കുന്നത് പതിവാണ്. പ്രവാസികളുടെ സ്വർണം വാങ്ങുന്ന പ്രവണത കേരളത്തിലെ വിപണിയെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. എന്നാൽ, ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി, തൊഴിൽ അവസരങ്ങളിലെ കുറവ്, റെമിറ്റൻസിലെ ഇടിവ് എന്നിവ ആഭരണ വിപണിയിൽ ആഘാതം സൃഷ്ടിക്കുന്നുണ്ട്.

സ്വർണ വിലയിലെ അനിശ്ചിതത്വത്തെ തുടർന്ന് ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് എക്സ്ചേ‍ഞ്ച് ട്രേഡ് ഫണ്ട്സ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ പോലുള്ള പുതിയ നിക്ഷേപ മാർഗങ്ങളെ തേടിത്തുടങ്ങിയിട്ടുണ്ട്. ഇവ വിലയുടെ ഉയർച്ചയിൽ നിന്നും ലാഭം നേടാനും, സുരക്ഷിതമായി സ്വർണം കൈവശം വയ്ക്കാനും സഹായിക്കുന്നു. എന്നാൽ, ഗ്രാമീണ കേരളത്തിൽ ഇപ്പോഴും ഭൗതിക ആഭരണങ്ങൾ തന്നെയാണ് കൂടുതൽ സ്വീകാര്യം. സ്വർണം മലയാളിയുടെ അഭിമാനവും ആശ്രയവുമാണ്. എന്നാൽ, അതേ സമയം, അതിന്റെ വിലയിലെ അനിശ്ചിതത്വം കുടുംബങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയും രാഷ്ട്രീയത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ നിക്ഷേപങ്ങളും വ്യത്യസ്തമായ സാമ്പത്തിക സുരക്ഷാമാർഗങ്ങളും സ്വീകരിക്കുന്നതാണ് ഭാവിയിലെ വെല്ലുവിളികൾ മറികടക്കാനുള്ള വഴി.

X
Top