
2017-18 സീരീസ് ഒന്നിലെ ഗോള്‍ഡ് ബോണ്ടിന്റെ തിരിച്ചെടുക്കല്‍ തുക പുറത്തുവിട്ടു. 2025 മെയ് ഒമ്പതിന് കാലാവധിയെത്തുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപനം. എട്ട് വർഷമാണ് എസ്ജിബിയുടെ കാലാവധി.
ഗോള്‍ഡ് ബോണ്ടിന്റെ ഒരു യൂണിറ്റിന് 9,486 രൂപയാണ് ലഭിക്കുക. ഏപ്രില്‍ 28-മെയ് രണ്ട് ആഴ്ചയിലെ സ്വർണത്തിന്റെ ശരാശരി ക്ലോസിങ് നിരക്ക് പ്രകാരമാണ് വില നിശ്ചയിച്ചിട്ടുള്ളത്.
2017 മെയ് മാസത്തില്‍ യൂണിറ്റ് ഒന്നിന് 2,951 രൂപ നിലവാരത്തിലായിരുന്നു ഈ സീരീസിലെ ആദ്യ എസ്ജിബി പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ നിക്ഷേപിച്ചാല്‍ 50 രൂപ കിഴിവുള്ളതിനാല്‍ 2,901 രൂപ മുടക്കിയാല്‍ മതിയായിരുന്നു.
നേട്ടം എത്ര?
2,951 രൂപയുടെ നിക്ഷേപം എട്ടു വർഷംകൊണ്ട് 9,486 രൂപയായി. അതായത് മൊത്തം നേട്ടം 221 ശതമാനം. വാർഷിക ആദായ(സിഎജിആർ)കണക്കിലാണെങ്കില്‍ 15.7 ശതമാനവും. ആറ് മാസം കൂടുമ്ബോള്‍ ലഭിച്ചിരുന്ന പലിശ കണക്കാക്കാതെയാണ് ഈ വിലയിരുത്തല്‍.
സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് സോവറിൻ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടായിരുന്നു എസ്ജിബി പുറത്തറിക്കിയത്.
കാലാവധിയെത്തുമ്പോൾ അപ്പോഴത്തെ സ്വർണ വിലയും അതിന് പുറമെ 2.50 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ആറുമാസം കൂടുമ്പോള്‍ വർഷത്തില്‍ രണ്ട് തവണയായി പലിശ അക്കൗണ്ടില്‍ വരവുവെയ്ക്കുകയാണ് ചെയ്തിരുന്നത്.
വ്യാപാര യുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും മൂലം സ്വർണ വില എക്കാലത്തെയും റെക്കോഡ് നിലവാരത്തിലായതിനാലാണ് ഗോള്‍ഡ് ബോണ്ടില്‍നിന്ന് ഉയർന്ന നേട്ടം ലഭിച്ചത്. സ്വർണ വിലയില്‍ വൻ കുതിപ്പുണ്ടായ സാഹചര്യത്തില്‍ സർക്കാരിന് അധിക ബാധ്യതയായതിനാല്‍ ഈ വർഷം എസ്ജിബി പുറത്തിറക്കിയിട്ടില്ല.