
മുംബൈ: 1,110 കോടി രൂപ സമാഹരിച്ച് ജിഎംആർ എയർപോർട്ട്സ്. ജെപി മോർഗൻ സെക്യൂരിറ്റീസ്, മോർഗൻ സ്റ്റാൻലി ഇന്ത്യ പ്രൈമറി ഡീലർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിൽ നിന്നാണ് കമ്പനി തുക സമാഹരിച്ചത്.
ഡിബി ഇന്റർനാഷണൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ആദിത്യ ബിർള സ്‌പെഷ്യൽ ഫണ്ട് എന്നിവയ്‌ക്ക് കമ്പനി 1,330 കോടി രൂപയുടെ കുടിശ്ശിക അടയ്‌ക്കേണ്ടതുണ്ടയായിരുന്നു. അതിനാൽ ഈ സമാഹരിച്ച തുക ഉപയോഗിച്ച് കമ്പനി ഡിബി ഇന്റർനാഷണലിനും ആദിത്യ ബിർള ക്യാപിറ്റലിനും നൽകാനുള്ള മുഴുവൻ കുടിശ്ശികയും അടച്ചു.
എന്നാൽ ജിഎംആർ ഗ്രൂപ്പ് കമ്പനി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് ഇനിയും കുടിശ്ശിക നൽകാനുണ്ട്. ഡൽഹി, ഹൈദരാബാദ് എന്നി വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നത് ജിഎംആർ എയർപോർട്ട്സ് ആണ്.
കമ്പനി സമാഹരിച്ച മൊത്തം തുകയിൽ 795 കോടി രൂപ ജെപി മോർഗൻ സെക്യൂരിറ്റീസിൽ നിന്നും 315 കോടി രൂപ മോർഗൻ സ്റ്റാൻലി ഇന്ത്യ പ്രൈമറി ഡീലറിൽ നിന്നുമാണ് സമാഹരിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ജിഎംആർ എയർപോർട്ട്സ് ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല.