
ന്യൂഡല്‍ഹി: പ്രമുഖ ആഗോള അര്‍ദ്ധചാലക സ്ഥാപനങ്ങള്‍ ഇന്ത്യയുടെ അര്‍ദ്ധചാലക പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.
സമീപഭാവിയില്‍ ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് മത്സരാര്‍ത്ഥികളാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള മൂല്യനിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായിട്ടുള്ളത്.
ഇന്ത്യന്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഈയിടെ സിലിക്കണ്‍വാലി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കമ്പനികള്‍ രാജ്യത്ത് നിക്ഷേപം തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.
കേന്ദ്ര, സംസ്ഥാനങ്ങള്‍ ഏതാണ്ട് 10 ബില്യണ്‍ ഡോളറിന്റെ ആനുകൂല്യങ്ങളാണ് രാജ്യത്ത് അര്‍ദ്ധചാലക നിര്‍മ്മാണം ആകര്‍ഷിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യത്തെ അര്‍ദ്ധചാലക വിപണി 2026 ഓടെ 64 ബില്യണ്‍ ഡോളറിലെത്തുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചും ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്‍ഡ് അര്‍ദ്ധചാലക അസോസിയേഷനും (ഐഇഎസ്എ) സംയുക്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ടെലികോം, ഐടി ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകളിലെ ഗണ്യമായ ഡിമാന്റ് ചൂണ്ടിക്കാട്ടിയാണ് നിഗമനം.
അര്‍ദ്ധചാലക വിപണി വലുപ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയുടെ ടെലികോം സ്റ്റാക്കും വ്യാവസായിക ആപ്ലിക്കേഷനുകളും ആയിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ല്‍ രാജ്യത്തെ അര്‍ദ്ധചാലക വിപണിയുടെ മൂല്യം 22.7 ബില്യണ്‍ ഡോളറായിരുന്നു.