
മുംബൈ: ആഗോള സമ്പദ് വ്യവസ്ഥ 2026 സാമ്പത്തികവര്‍ഷത്തില്‍ ദുര്‍ബലമാകുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) റിപ്പോര്‍ട്ട്. വ്യാപാര അനിശ്ചിതത്വം, അപ്രതീക്ഷിത നയം മാറ്റങ്ങള്‍, സാങ്കേതികവിദ്യാ മാറ്റങ്ങള്‍ എന്നിവ കാരണമാണിത്. പ്രമുഖ സാമ്പത്തിക വിദഗ്ധരില്‍ നടത്തിയ സര്‍വേ അധികരിച്ചാണ് റിപ്പോര്‍ട്ട്.
അതേസമയം വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ അപവാദമാകും. ഇന്ത്യയില്‍ പണപ്പെരുപ്പം കുറഞ്ഞതായി ഡബ്ല്യുഇഎഫ് നിരീക്ഷിച്ചു. ജൂലൈയില്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 1.55 ശതമാനമായാണ് ഇടിഞ്ഞത്. 2017 ന് ശേഷമുള്ള കുറവ് നിരക്കാണിത്.
ഇതോടെ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാകും. ധനക്കമ്മി ലക്ഷ്യമായ 4.4 ശതമാനത്തില്‍ നിലനിര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ജിഎസ്ടി (ചരക്ക് സേവന നികുതി പരിഷ്‌ക്കരണവും ആദായ നികുതി കുറയ്ക്കലും. ഇവ ഉപഭോഗവും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കും. അതേസമയം യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് ഉത്പാദനമേഖലയെ ബാധിക്കും.
അന്തര്‍ദ്ദേശീയ നാണ്യ നിധി (ഐഎംഎഫ്) ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്ന് പ്രവചിച്ചകാര്യവും റിപ്പോര്‍ട്ട് ഓര്‍മ്മിച്ചു. ആഗോള തലത്തില്‍ യുഎസിന്റെയും യൂറോപ്പിന്റെയും വളര്‍ച്ച കുറയും. മിഡല്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ, ഈസ്റ്റ് ഏഷ്യ എന്നിവ വളര്‍ച്ചാ സാധ്യത നിലനിര്‍ത്തുന്നു.
ആഗോള സമ്പദ് വ്യവസ്ഥ ഒരു പുതുയുഗപ്പിറവിയ്ക്ക് കാതോര്‍ക്കുകയാണെന്നും ഡബ്ല്യുഇഎഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.. വ്യാപാരം, സാങ്കേതിക വിദ്യ, വിഭവങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ സമൂലമാറ്റത്തിന് വിധേയമാകുകയാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തികനയങ്ങളില്‍ കാലാനുസൃതമാറ്റത്തിന് രാജ്യങ്ങള്‍ നിര്‍ബന്ധിതമാകും.