
ന്യൂഡൽഹി: രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും മലയാളിയുമായ ഗീത ഗോപിനാഥ് വീണ്ടും അധ്യാപന ജീവിതത്തിലേക്ക് മടങ്ങുന്നു.
ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയായ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഗീത, ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അധ്യാപികയായി ഓഗസ്റ്റിൽ തിരിച്ചെത്തും.
ഇന്ത്യൻ വംശജയെങ്കിലും യുഎസ് പൗരത്വമുള്ള ഗീത ഗോപിനാഥ്, ഹാർവഡിൽ അധ്യാപികയായിരിക്കേ 2019ലാണ് ചീഫ് ഇക്കണോമിസ്റ്റായി ഐഎംഎഫിൽ ചേർന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു.
തുടർന്ന്, 2022ൽ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. ഈ പദവിയിലെത്തിയ ആദ്യ വനിതയെന്ന നേട്ടവും ഗീതയ്ക്ക് സ്വന്തം. ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടർ ബൾഗേറിയക്കാരി ക്രിസ്റ്റലീന ജോർജിയേവയാണ്.
ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടർ, ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പദവികളിൽ ഒരേസമയം വനിതകളായതും ആദ്യമായിരുന്നു.
കോവിഡ് കാലത്തുൾപ്പെടെ ലോക സാമ്പത്തിക മേഖലയ്ക്ക് കരുത്തേകുന്ന കൃത്യമായ നിരവധി വിലയിരുത്തലുകൾ ഗീത ഗോപിനാഥിൽ നിന്നുണ്ടായെന്ന് ഐഎംഎഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ ഐഎംഎഫിന്റെ നയരൂപീകരണം, ജിഎ7, ജി20 എന്നിവയിൽ ഐഎംഎഫിന്റെ ഇടപെടലുകൾ, യുക്രെയ്ൻ, അർജന്റീന എന്നിവിടങ്ങളിലെ ഐഎംഎഫിന്റെ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം മികച്ച പങ്കാണ് ഗീത വഹിച്ചതും.
കണ്ണൂരിൽ വേരുകളുള്ള ഗീത ഗോപിനാഥ് 2016-18 കാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. സൗജന്യമായായിരുന്നു സേവനം.
നിലവിൽ ഐഎംഎഫിൽ മുഖ്യ പങ്കാളിത്തം യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കുമാണ്.
മാനേജിങ് ഡയറക്ടറെ നാമനിർദേശം ചെയ്യുന്നത് യൂറോപ്പും ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറെ നിർദേശിക്കുന്നത് യുഎസുമാണ്. ഐഎംഎഫിൽ ഗീത ഗോപിനാഥിന്റെ പിൻഗാമിയെ ട്രംപ് ഭരണകൂടം വൈകാതെ നിർദേശിക്കും.
യുഎസ് ഭരണകൂടവുമായുള്ള ചർച്ചകൾക്ക് ശേഷം പിൻഗാമിയെ തിരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും ക്രിസ്റ്റലീന ജോർജിയേവയായിരിക്കും.
അതേസമയം, ട്രംപ് ഭരണകൂടവും ഐഎംഎഫും തമ്മിൽ നിലവിൽ അഭിപ്രായഭിന്നത രൂക്ഷമാണ്. ഐഎംഎഫിൽ നിന്ന് യുഎസ് പിന്മാറിയേക്കുമെന്ന ഭീഷണിയും അടുത്തിടെ ട്രംപ് മുഴക്കിയിരുന്നു.
ഐഎംഎഫിനെ യഥാർഥ ഐഎംഎഫ് ആക്കിമാറ്റുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റും അടുത്തിടെ പറഞ്ഞിരുന്നു. ഐഎംഎഫ് അതിന്റെ പ്രവർത്തനലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നായിരുന്നു യുഎസിന്റെ പ്രധാന വിമർശനം.