
തിരുവനന്തപുരം: കേരളത്തിന്റെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഉന്നതതല ജർമൻ പ്രതിനിധി സംഘം ടെക്നോപാർക് സന്ദർശിച്ചു. കാംപസിന്റെ ശേഷി വികസന സൗകര്യങ്ങളിലും നൈപുണ്യ പരിശീലന മാതൃകകളിലുമാണ് സഹകരണത്തിന് ഏറെ താത്പര്യം പ്രകടിപ്പിച്ചത്. ടെക്നോപാർക്കിന്റെ മനുഷ്യവിഭവശേഷി വികസനത്തിനായി രൂപപ്പെടുത്തിയ പരിശീലന സംവിധാനങ്ങളും ഗവേഷണ-പ്രവർത്തന സമന്വയ മാതൃകകളും സംഘത്തിന് വലിയ ആകർഷണമായി. പ്രതിനിധികൾ ടെക്നോപാർക്കിലെ പരിശീലന കേന്ദ്രങ്ങളും ഇൻക്യുബേഷൻ സംവിധാനങ്ങളും നേരിൽ സന്ദർശിച്ച്, സംസ്ഥാനത്ത് നിലവിലുള്ള നൈപുണ്യശേഷി വികസന പദ്ധതികളിൽ പങ്കാളികളാകാനുള്ള സാധ്യതകൾ വിലയിരുത്തി. ടെക്നോപാർക് സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) സംസ്ഥാനത്തിന്റെ ഐടി ആവാസവ്യവസ്ഥയുടെ സവിശേഷതകളും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ നേട്ടങ്ങളും പ്രതിനിധി സംഘത്തിന് പരിചയപ്പെടുത്തി.
സാങ്കേതികവിദ്യയും പരിസ്ഥിതിയും സമന്വയിപ്പിച്ച വളർച്ചയ്ക്കാണ് ടെക്നോപാർക് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ ടാലന്റ് പൂൾ, ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, മികച്ച കണക്റ്റിവിറ്റി എന്നിവയാണ് തിരുവനന്തപുരം ഐടി മേഖലയെ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതെന്നും സിഇഒ ചൂണ്ടിക്കാണിച്ചു. ഒന്നാം നിര നഗരങ്ങളെ അപേക്ഷിച്ച് ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തന ചെലവ് 30 ശതമാനത്തോളം കുറവാണെന്നും നിക്ഷേപകരുടെ എല്ലാ ആവശ്യങ്ങളും ഏകോപിപ്പിച്ച് നല്‍കുന്നതിന് തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജർമൻ പ്രതിനിധി സംഘം കേരളത്തിന്റെ നൈപുണ്യ വികസന മാതൃകയും പരിശീലന പരിപാടികളും ജർമൻ ടെക് സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്തു. ടെക്നോപാർക്കിലെ സ്റ്റാർട്ടപ് സംരംഭങ്ങളുമായുള്ള സഹകരണ സാധ്യതകളിലും അവർ താത്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാര്‍ട്ട് നയിച്ച പ്രതിനിധി സംഘത്തില്‍ ഡീപ്ടെക് സ്റ്റാര്‍ട്ട്പ്പുകള്‍, ഇ-കൊമേഴ്സ്, ഫാര്‍മസി, ഓട്ടോമോട്ടീവ്, മാനുഫാക്ചറിംഗ്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, നഴ്സിംഗ്, കിച്ചന്‍ സൊല്യൂഷന്‍സ്, എനര്‍ജി മാനേജ്മമെന്‍റ് സിസ്റ്റം, സ്കില്ലിംഗ്, എഐ, സ്ട്രാറ്റജിക് ഗൈഡന്‍സ് ആന്‍ഡ് അക്കാദമിക് ടീച്ചിംഗ്, ബ്ലോക്ക് ചെയിന്‍, പ്രിന്‍റിംഗ്, പാക്കേജിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു. അഫിനിസ് എജിയുടെ സ്ഥാപകന്‍ മാനുവല്‍ ബിഷോഫ്, ഐഎച്ച്കെ കാള്‍സ്റൂഹെ കണ്‍സള്‍ട്ടന്‍റ് മാനുവല്‍ ന്യൂമാന്‍, ഹാന്‍ഡ്സ് ഓണ്‍ സൊല്യൂഷന്‍ സിഇഒ ബെര്‍ണാര്‍ഡ് ക്രീഗര്‍, പ്രോസസ് ഒപ്റ്റിമൈസേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ഹെഡ് ക്രിസ്റ്റ്യന്‍ എസ്റ്റെര്‍ലെ, മൈക്കിള്‍ കോച്ച് മാനേജിംഗ് ഓണര്‍ മൈക്കിള്‍ കോച്ച്, ട്രാന്‍സ്പോര്‍ട്ട് ബെറ്റ്സ് ലോജിസ്റ്റിക്സ് കീ അക്കൗണ്ട് മാനേജര്‍ നഡ്ജ ക്രുഗ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. ടെക്നോപാര്‍ക്കിലെ ഫേസ് 3 കാംപസിലുള്ള അലയന്‍സ് സര്‍വീസസ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ടെക്നോപാര്‍ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്, സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ഐടി സ്ട്രാറ്റജിസ്റ്റുകളായ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവരും സന്നിഹിതരായി.






