
കൊച്ചി: ജനറാലി ഗ്രൂപ്പിന്റെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും ലൈഫ് ആൻഡ് ജനറൽ ഇൻഷുറൻസ് സംയുക്ത സംരംഭമായ ജനറാലി സെൻട്രൽ പുതിയ ബ്രാൻഡ് ഐഡന്‍റിറ്റി പ്രഖ്യാപിച്ചു. ജനറാലി സെൻട്രൽ ലൈഫ് ഇൻഷുറൻസ്, ജനറാലി സെൻട്രൽ ഇൻഷുറൻസ് എന്നിവയാണ് പുതിയ ബ്രാൻഡ് നാമങ്ങൾ. ഉപഭോക്താക്കൾക്ക് കുടുംബം, ആരോഗ്യം, ആസ്തികൾ, ഭാവി എന്നിവ സംരക്ഷിക്കുന്നതിനാണ് പുതിയ ബ്രാൻഡെന്ന് ഇരു കമ്പനികളും അറിയിച്ചു.
ജനറാലി സെൻട്രൽ ബ്രാൻഡ് പുതിയ ലോഗോ, ടൈപ്പോഗ്രാഫി, പുതിയ വെബ്‌സൈറ്റ്, നവീകരിച്ച സമൂഹ മാധ്യമം എന്നിവ ഉൾപ്പെടെയുള്ള പുതിയ ഐഡന്‍റിറ്റിയോടെയാണ് പുറത്തിറങ്ങുന്നത്. പുതിയ ബ്രാൻഡിംഗ് ഡിജിറ്റൽ നവീകരണത്തിനും വിപുലീകൃത വിതരണത്തിനും ഊന്നൽ നല്കുന്നതായും ഇത് ഉപഭോക്താക്കൾ, പങ്കാളികൾ, ബന്ധപ്പെട്ട കക്ഷികൾ എന്നിവരോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതായും ഇരു കമ്പനികളും അറിയിച്ചു.
ജനറാലിയെ സംബന്ധിച്ച് ഇന്ത്യ തന്ത്ര പ്രധാന വിപണിയാണെന്ന് ജനറാലി ഏഷ്യ റീജിയണൽ ഓഫീസർ റോബ് ലിയോനാർഡി പറഞ്ഞു. ജനറാലി സെൻട്രൽ ലൈഫ് ഇൻഷുറൻസ് ഉപഭോക്താവിന്റെ ഭാവി ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നല്കുന്ന പദ്ധതിയാണെന്ന് ജനറാലി സെൻട്രൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്‍റെ എംഡിയും സിഇഒയുമായ അലോക് രുങ്ത പറഞ്ഞു.






