
കൊച്ചി: കേരള ജെം ആൻഡ് ജ്വല്ലറി ഷോ(കെജിജിഎസ് എക്സ്പോ 2025)യുടെ 18-ാം പതിപ്പിന് ഇന്ന് തുടക്കമാകുമെന്ന് എക്സ്പോ മാനേജിംഗ് ഡയറക്ടർ പി വി ജോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴാം തിയ്യതി വരെ നീളുന്ന പ്രദർശനം കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. രാവിലെ 10 മണിക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ചെയർമാൻ എംപി അഹമ്മദ്,കല്യാൺ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ടിഎസ് കല്യാണരാമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. സ്വർണം, പ്ലാറ്റിനം, ഡയമണ്ട്, സിൽവർ ആഭരണങ്ങളുടെ ശേഖരങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 183 ആഭരണ നിർമാതാക്കളാണ് ബി2ബി പരിപാടിയിൽ പങ്കെടുക്കുന്നത്. യുഎഇ, സൗദി അറേബ്യ,ബെഹ്റിൻ,ഖത്തർ,ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവർ ഉൾപ്പടെ പരിപാടിയുടെ ഭാഗമാകും. റീടെയ്ൽ ജ്വല്ലറി വ്യാപാരികളും പ്രൊഫഷണലുകളും ഡിസൈനർമാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കുമെന്ന് കെജിജെഎസ് മാനേജിംഗ് ഡയറക്ടർ പി വി ജോസ്, പ്രോഗ്രാം ഡയറക്ടർ മിൽട്ടൻ ജോസ്,ചീഫ് പ്രോഗ്രാം ഓഫീസർ ബിഎൽ ആന്റണി എന്നിവർ പറഞ്ഞു.






