
കോവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവുമുള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ മങ്ങിപ്പോയ തിളക്കം വീണ്ടെടുത്ത് ഇന്ത്യന്‍ ആഭരണ കയറ്റുമതി മേഖല.
കഴിഞ്ഞമാസം ഇന്ത്യയില്‍ നിന്നുള്ള ജെം ആന്‍ഡ് ജുവലറി കയറ്റുമതി 2022 ഫെബ്രുവരിയേക്കാള്‍ 24 ശതമാനം ഉയര്‍ന്നുവെന്ന് ജെം ആന്‍ഡ് ജുവലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി) വ്യക്തമാക്കി.
പ്ളെയിന്‍ ഗോള്‍ഡ് ജുവലറി കയറ്റുമതി 1795 കോടി രൂപയില്‍ നിന്ന് 45 ശതമാനം മുന്നേറി 2604 കോടി രൂപയിലെത്തി.
കട്ട് ആന്‍ഡ് പോളിഷ്ഡ് വജ്രാഭരണം ഉള്‍പ്പെടെയുള്ള മറ്റ് ആഭരണങ്ങളുടെ കയറ്റുമതി 32 ശതമാനം വര്‍ദ്ധിച്ച് 19,582 കോടി രൂപയായി. 2022 ഫെബ്രുവരിയില്‍ ഈ ശ്രേണി നേടിയ വരുമാനം 14,842 കോടി രൂപയായിരുന്നു.
കല്ലുകള്‍ പതിപ്പിച്ച സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 2693 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 3225 കോടി രൂപയായി. ലാബുകളില്‍ നിര്‍മ്മിച്ച വജ്രങ്ങളുടെ കയറ്റുമതി 945 കോടി രൂപയില്‍ നിന്ന് 1117 കോടി രൂപയായി; വളര്‍ച്ച 18 ശതമാനം.
ചൈനയില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതാണ് കഴിഞ്ഞമാസം നേട്ടമായതെന്ന് ജി.ജെ.ഇ.പി.സി പ്രതികരിച്ചു. യു.എ.ഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി.ഇ.പി.എ) അവിടേക്കുള്ള കയറ്റുമതി വളര്‍ച്ചയ്ക്കും സഹായിച്ചു.
കല്ലുകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് മികച്ച ആവശ്യകതയുണ്ടായതും നേട്ടമായി.
സ്വര്‍ണ, വജ്രാഭരണങ്ങള്‍ കൈവരിച്ച തിളക്കം കഴിഞ്ഞമാസം വെള്ളിക്കുണ്ടായില്ല. കയറ്റുമതി 1971 കോടി രൂപയില്‍ നിന്ന് 1126 കോടി രൂപയായി കുറഞ്ഞു.
പ്ളാറ്റിനം കയറ്റുമതിയും 38 ശതമാനം കുറഞ്ഞു. 14 കോടി രൂപയില്‍ നിന്ന് 9 കോടി രൂപയിലേക്കാണ് കുറഞ്ഞത്.






