ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി

ന്യൂഡൽഹി: ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജിസിസി) ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക തുടക്കം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജിസിസി സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍ബുദൈവിയും ഇത് സംബന്ധിച്ച സംയുക്ത പ്രസ്‌താവനയില്‍ ഒപ്പുവച്ചു.

ഫെബ്രുവരി അഞ്ചിന് ഒപ്പിട്ട ചര്‍ച്ചകള്‍ക്കായുള്ള മാര്‍ഗരേഖയുടെ തുടര്‍ച്ചയായാണ് സുപ്രധാന നീക്കം. ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15 ശതമാനത്തിലധികം നടക്കുന്നത്‌ ജിസിസി രാജ്യങ്ങളുമായാണ്‌. രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ജിസിസി രാജ്യങ്ങളാണ്‌.

2024–-25 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 17,800 കോടി ഡോളറിലെത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 5687 കോടി ഡോളറും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി 12,168 കോടി ഡോളറുമാണ്. ഇന്ത്യയുടെ ആകെ ആഗോള വ്യാപാരത്തിന്റെ 15.42 ശതമാനവും ഈ ആറ് രാജ്യങ്ങളുമായാണ്‌.

ഇന്ത്യയില്‍നിന്നുള്ള അരി, വസ്ത്രങ്ങള്‍, എൻജിനിയറിങ്‌ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ക്രൂഡ് ഓയില്‍, എല്‍എന്‍ജി, പെട്രോകെമിക്കല്‍സ് എന്നിവയുടെ ഇറക്കുമതി സുഗമമാക്കാനും കരാർ സഹായിച്ചേക്കും.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ മേഖലയിലും യാത്രാസൗകര്യങ്ങളിലും കൂടുതല്‍ ഇളവുലഭിക്കാനുള്ള സാധ്യതകളും ചര്‍ച്ചകളിലുണ്ടായി. ചര്‍ച്ചകളുടെ ഒന്നാം ഘട്ടം ഈ വര്‍ഷം രണ്ടാം പകുതിയോടെ റിയാദിലെ ജിസിസി ആസ്ഥാനത്ത് നടക്കും.

X
Top