
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണ്‍ ഏഴ് മുതല്‍ 14 വരെയുള്ള ആറ് വ്യാപാരദിനങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ 16121.24 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തുടര്‍ച്ചയായി വില്‍പ്പന നടത്തിയിരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കാളകളുടെ റോളിലേക്ക് മാറുകയാണോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.
ജൂണില്‍ ഇതുവരെ അവ 3063.76 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്. അതേ സമയം ഇപ്പോഴത്തെ പ്രവണത തുടര്‍ന്നാല്‍ ജൂണില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി മാറാനുള്ള സാധ്യതയുണ്ട്.
ഏപ്രിലിലും മെയിലുമായി 34,257 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. മെയില്‍ മാത്രം 25,586.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. 2024ല്‍ ഇതുവരെ 38158.18 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
ഈ വര്‍ഷം ഫെബ്രുവരിയും മാര്‍ച്ചും ഒഴികെയുള്ള മാസങ്ങളില്‍ വില്‍പ്പന നടത്തി. ജൂണിലെ ആദ്യദിനങ്ങളിലും വില്‍പ്പന തുടര്‍ന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിലപാട് മാറ്റിയത് ഏഴാം തീയതി മുതലാണ്.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ഉണ്ടായ ഇടിവില്‍ നിന്ന് വിപണി അതിവേഗം കരകയറുകയും നേരത്തെയുള്ള ഉയര്‍ന്ന നിലവാരത്തിലേക്ക് തിരികെയെത്തുകയും ചെയ്‌തതോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നിര്‍ത്തി വാങ്ങാന്‍ തുടങ്ങുകയായിരുന്നു.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും സുപ്രധാന നയങ്ങളില്‍ തുടര്‍ച്ച ഉണ്ടാകുമെന്ന് വ്യക്തമാകുകയും ചെയ്‌തതോടെ വിദേശ നിക്ഷേപകര്‍ വീണ്ടും നിക്ഷേപകരായി മാറുകയാണ് ചെയ്‌തത്.
പ്രതികൂലമായ സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനയിലേക്ക് തിരിയാനുള്ള സാധ്യത കുറവാണെന്ന് അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു.
കടപ്പത്ര വിപണിയിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്.
5703.11 കോടി രൂപയാണ് ജൂണില്‍ ഇതുവരെ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ അവ വിനിയോഗിച്ചത്.
മെയില്‍ 8760 കോടി രൂപ അവ കടപ്പത്ര വിപണിയിയില്‍ നിക്ഷേപിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 59372.41 കോടി രൂപയാണ് നിക്ഷേപിച്ചത്.