
മുംബൈ: 2024ലെ ആദ്യമാസത്തിലെ ആദ്യത്തെ ആഴ്‌ചയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4773 കോടി രൂപ നിക്ഷേപിച്ചു. മുന്‍മാസങ്ങളിലേതു പോലെ ജനുവരിയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാന്‍ സന്നദ്ധത കാട്ടുകയാണ്.
ഡിസംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 66,134 കോടി രൂപയാണ് നിക്ഷേപിച്ചത്. കഴിഞ്ഞ മാസം നിഫ്‌റ്റിയില്‍ ഉണ്ടായ മുന്നേറ്റം എട്ട് ശതമാനമായിരുന്നു.
ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഐടി, ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്‌സ്, ഓയില്‍ & ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ താല്‍പ്പര്യം കാട്ടി.
2023ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 1,71,106 കോടി രൂപയാണ്. കോവിഡിനു ശേഷം ഓഹരി വിപണിയിലേക്ക് നിക്ഷേപം പ്രവഹിച്ച 2020ല്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ നിക്ഷേപം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2023ല്‍ നടത്തി.
1.70 ലക്ഷം കോടി രൂപയായിരുന്നു 2020ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. 2022ല്‍ ഇന്ത്യന്‍ വിപണിയില്‍ 1.21 ലക്ഷം കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2023ല്‍ കാളകളായി മാറുകയായിരുന്നു.
2023 ജനുവരിയിലും ഫെബ്രുവരിയിലും വില്‍പ്പന തുടര്‍ന്ന വിദേശ നിക്ഷേപകര്‍ മാര്‍ച്ച് മുതലാണ് അറ്റനിക്ഷേപകരായി മാറിയത്.