
ഹൈദരാബാദ്: ഫോക്സ്‌കോണ്‍ അനുബന്ധ സ്ഥപാനമായ ഫോക്സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്നോളജി (എഫ്ഐടി) തെലങ്കാനയിലെ തങ്ങളുടെ ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു. നിലവിലെ പ്രതിമാസ ഉത്പാദന ശേഷിയായ 10,0000 യൂണിറ്റുകള്‍ 200,000 യൂണിറ്റുകളാക്കാനാണ് ശ്രമം.
പുതിയ മോഡലുകളെ ഉള്‍ക്കൊള്ളുന്നതിനും ആഗോള ആവശ്യം നിറവേറ്റുന്നതിനുമായി ഉത്പാദന ലൈനുകള്‍ നവീകരിക്കും. ചൈനയിലെ സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോള വിതരണ ശൃംഖല വൈവിധ്യവത്ക്കരിക്കാനുമുള്ള വിശാല തന്ത്രത്തിന്റെ ഭാഗമാണ് പുതിയ വികസനം. പ്രഖ്യാപിച്ച നിക്ഷേപത്തില്‍ 3,000 കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു.
നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ ജീവനക്കാരുടെ എണ്ണം 2000 ത്തില്‍ നിന്നും 5000 ആയി വളരും. നിലവിലെ പ്ലാന്റ് എയര്‍പോഡ്സ് 4, എയര്‍പോഡ്സ് പ്രോ 3 മോഡലുകളാണ് നിര്‍മ്മിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് 10 ബില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 75 ശതമാനം വര്‍ധനവാണ് ഇത്.






