
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ഇന്ത്യ,ദക്ഷിണേഷ്യ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായി പുനീത് ചന്ദോക്ക് നിയമിതനായി. സ്ഥാനമൊഴിയുന്ന അനന്ത് മഹേശ്വരിയില്‍ നിന്ന് സെപ്തംബര്‍ 1ന് അദ്ദേഹം ചുമതലകള്‍ ഏറ്റെടുക്കും. ചന്ദോക്കിന്റെ നിയമനം ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്ന് കമ്പനി വിശ്വസിക്കുന്നു.
പ്രധാന വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റ് ശ്രമം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളാല്‍ നയിക്കപ്പെടുന്ന ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. മികവുറ്റ ഒരു നേതൃത്വ ടീം ചന്ദോക്കിന് പിന്തുണ നല്‍കുന്നു.
മൈക്രോസോഫ്റ്റില്‍ ചേരുന്നതിന് മുമ്പ്, ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യുഎസ്) ഇന്ത്യ, ദക്ഷിണേഷ്യ ബിസിനസ് ഹെഡായിരുന്നു ചന്ദോക്.എന്റര്‍പ്രൈസുകള്‍, ഡിജിറ്റല്‍ ബിസിനസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംബികള്‍ എന്നിവയുടെ ചടുലത വര്‍ദ്ധിപ്പിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും അവിടെ അദ്ദേഹം നേതൃത്വം നല്‍കി. മക്കിന്‍സി, ഐബിഎം എന്നിവയിലെ അനുഭവ സമ്പത്തും പുതിയ റോളില്‍ ചന്ദോക്കിന് മുതല്‍ക്കൂട്ടാകും.
ഈ കമ്പനികളില്‍ പ്രാദേശിക, ആഗോള നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ (എംബിഎ) ബിരുദാനന്തര ബിരുദവും കൊമേഴ്‌സില്‍ ബിരുദവും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, നെറ്റ്വര്‍ക്കിംഗ്, ഹൈ ലെവല്‍ കമ്പ്യൂട്ടര്‍ സിസ്റ്റംസ് എന്നിവയില്‍ നിരവധി ഡിപ്ലോമകളും നേടിയിട്ടുണ്ട്.






