
ന്യൂഡല്‍ഹി: ഓഗസ്റ്റ് 11ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 708 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 602.161ബില്യണ്‍ ഡോളറായി. രണ്ടാഴ്ചയിലെ താഴ്ചയ്ക്ക് ശേഷമാണ് കരുതല്‍ ശേഖരത്തില്‍ വളര്‍ച്ച പ്രകടമാകുന്നത്. കഴിഞ്ഞയാഴ്ച 2.417 ബില്യണ്‍ ഡോളര്‍ കുറവായിരുന്നു രേഖപ്പെടുത്തിയത്.
ഓഗസ്റ്റ്്11 ന് അവസാനിച്ച ആഴ്ചയില്‍ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 534.399 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 999 മില്യണ്‍ ഡോളറിന്റെ വര്‍ധന. സ്വര്‍ണ്ണ ശേഖരം 340 മില്യണ്‍ ഡോളര്‍ താഴ്ന്ന് 44.34 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്) 51 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.324 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 2 മില്യണ്‍ ഡോളര്‍ താഴ്ന്ന് 5.098 ബില്യണ്‍ ഡോളറിലുമാണുള്ളത്.
2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പനയാരംഭിച്ചതോടെ പിന്നീട് ശേഖരത്തില്‍ ചോര്‍ച്ചയുണ്ടായി.






