
മുംബൈ: ഇന്ത്യന്‍ കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കുറഞ്ഞു. 14 വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തിലാണ് ഇന്ത്യന്‍ കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത.
ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 15.5 ശതമാനമായാണ് കുറഞ്ഞത്. 81,500 കോടി ഡോളര്‍ ആണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കൈവശം വെക്കുന്ന ഓഹരികളുടെ മൂല്യം. മുന്‍വര്‍ഷം ഇത് 83,200 കോടി ഡോളറായിരുന്നു.
ലിസ്റ്റഡ് കമ്പനികളിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത വിദേശ നിക്ഷേപക സ്ഥാപനങ്ങളുടേതിനേക്കാള്‍ മുകളിലാണ്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 18.26 ശതമാനമായാണ് ഉയര്‍ന്നത്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിലവാരമാണ്.
ഈ വര്‍ഷം ഇതുവരെ ദ്വിതീയ വിപണിയില്‍ 2,31,990 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്. അതേ സമയം പ്രാഥമിക വിപണിയില്‍ 73,583 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ അറ്റവില്‍പ്പന 1,58,407 കോടി രൂപയായി.
7.7 ലക്ഷം കോടി രൂപയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം ദ്വിതീയ വിപണിയില്‍ നിക്ഷേപിച്ചത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ റെക്കോഡ് വില്‍പ്പന നടത്തിയിട്ടും ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും 2025ല്‍ 9 ശതമാനം ഉയര്‍ന്നത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ റെക്കോഡ് നിക്ഷേപത്തിന്റെ പിന്‍ബലത്തിലാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് നിക്ഷേപിക്കുന്നത്.
ഇന്ത്യയില്‍ അത്തരം ഒരു ലിസ്റ്റഡ് കമ്പനി പോലുമില്ലാത്തതിനാലാണ് വിദേശ നിക്ഷേപകരുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ എത്താതെ പോയത്.






