
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് കൈമാറും.
മുട്ടത്തറയിൽ നിർമ്മിക്കുന്ന 400 ഫ്ലാറ്റുകളിൽ ആദ്യഘട്ടമായി 332 ഫ്ലാറ്റുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഫ്ലാറ്റിന്റെ നിർമാണച്ചെലവ് 20 ലക്ഷത്തിനു മുകളിലാണ്.
റോഡ്, ഡ്രെയിനേജ്, നടപ്പാത ചുറ്റുമതിൽ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച ഗുണനിലവാരത്തിലാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തൈക്കാട് അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തുടർച്ചയായ കടൽക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പുനർഗേഹം എന്ന ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയത്.
2019 ഡിസംബറിൽ 2,450 കോടി രൂപയുടെ ഭരണാനുമതി നൽകിയ പദ്ധതി വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന 22,174 കുടുംബങ്ങളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്.