
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ജൂലൈയില്‍ വന്‍തോതിലുള്ള വിദേശ സ്ഥാപന നിക്ഷേപക (FIIs) പിന്മാറ്റം രേഖപ്പെടുത്തി. 31,988 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്. ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും, കമ്പനികളുടെ ലാഭത്തില്‍ വന്ന കുറവും ആഗോള ടാരിഫ് പ്രശ്‌നങ്ങളുമാണ് കാരണം.
സിംഗപ്പൂര്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എഫ്‌ഐഐകളാണ് കൂടുതല്‍ ഓഹരികള്‍ വില്‍പന നടത്തിയത്. ഇവര്‍ മൊത്തത്തില്‍ 22,350 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. സിംഗപ്പൂര്‍ 11,670 കോടി രൂപയുടെ ഓഹരികളും 7,600 കോടി കടപത്ര നിക്ഷേപങ്ങളും വില്‍പന നടത്തിയപ്പോള്‍ അമേരിക്ക 9,333 കോടി രൂപയുടെ ഓഹരികളും ജപ്പാന്‍ 537 കോടി രൂപയുടെ ഓഹരികളും വിറ്റഴിച്ചു.
നെതര്‍ലന്റ്‌സും അറ്റ ഓഹരി വില്‍പനക്കാരായി. അതേസമയം അമേരിക്ക, നെതര്‍ലന്റ്‌സ്, ജപ്പാന്‍ രാഷ്ട്രങ്ങള്‍ യഥാക്രമം 1230 കോടി രൂപയും 2,570 കോടിരൂപയും 7,420 കോടിരൂപയും കടപത്രങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഫ്രാന്‍സ് 14,580 കോടി രൂപയുടെ ഓഹരി നിക്ഷേപങ്ങളും 3,300 കോടി രൂപയുടെ കടപത്ര നിക്ഷേപം നടത്തുന്നതും വിപണി കണ്ടു. ലക്‌സംബര്‍ഗ് 2,133 കോടി രൂപ ഓഹരികളിലും 183 കോടി രൂപ കടപത്രങ്ങളിലും യുഎഇ 1,821 കോടി രൂപ ഓഹരികളിലും 215 കോടി രൂപ കടപത്രങ്ങളിലും അയര്‍ലന്‍ഡ് 1,800 കോടി രൂപ ഓഹരികളിലും 1,770 കോടി രൂപ കടപത്രങ്ങളിലും ജര്‍മനി 1,365 കോടി രൂപ ഓഹരികളിലും 330 കോടി രൂപ കടപത്രങ്ങളിലും നിക്ഷേപമിറക്കി.
ഐടി, റിയല്‍റ്റി, ടെലികോം, മെറ്റല്‍സ് മേഖലകളില്‍ കൂടുതല്‍ എഫ്‌ഐഐ പിന്‍വലിക്കല്‍ ദൃശ്യമായപ്പോള്‍ എഫ്എംസിജി, ഫാര്‍മ തുടങ്ങിയ പ്രതിരോധ മേഖലകള്‍ സ്ഥിരതയോടെ മുന്നേറുന്നതിനും വിപണി സാക്ഷിയായി. നിഫ്റ്റി ഐടി സൂചിക 9% ആണ് ഇടിഞ്ഞത്.
അമേരിക്കയുടെ 50% ടാരിഫ് പ്രഖ്യാപനവും, രൂപയുടെ മൂല്യക്കുറവും, ഡോളര്‍ സൂചികയുടെ ഉയര്‍ച്ചയും കാരണം വിപണിയില്‍ ആശങ്ക പ്രകടമാണ്. എഫ്‌ഐഐകള്‍ ഐപിഒ വിപണിയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സെക്കന്‍ഡറി വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നു.