
പലിശ നിരക്കുകള്‍ കുറച്ച് ഫെഡ് റിസര്‍വ്
ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 0.25 ശതമാനം കുറച്ചു. ഇതോടെ നിരക്ക് 4-4.25 ശതമാനം വരെയായി. 2024 ഡിസംബറിന് ശേഷമുള്ള ആദ്യ നിരക്ക് കുറയ്ക്കലിന് മിക്ക അംഗങ്ങളും അനുമതി നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍ വളര്‍ച്ചയിലെ മാന്ദ്യവും തൊഴിലില്ലായ്മ നിരക്കും കണക്കിലെടുത്താണ് നടപടി. പണപ്പെരുപ്പം നടപ്പ് വര്‍ഷത്തില്‍ 3 ശതമാനമാകുമെന്നും തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തില്‍ തുടരുമെന്നും സാമ്പത്തികവളര്‍ച്ച 1.6 ശതമാനത്തിലെത്തുമെന്നും ഫെഡ് റിസര്‍വ് കരുതുന്നു.
2 ശതമാനമാണ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപിത പണപ്പെരുപ്പ ലക്ഷ്യം. വളര്‍ച്ചാ നിരക്ക് അനുമാനം മുന്‍പ് പ്രഖ്യാപിച്ച 1.4 ശതമാനത്തേക്കാള്‍ കൂടുതലാണ്.