
മുംബൈ: വ്യാജ നികുതി കിഴിവിന് സൗകര്യമൊരുക്കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചു.
ട്യൂഷൻ ഫീസ്, ചികിത്സാ ചെലവുകള്‍, രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ എന്നിവ ഉള്‍പ്പടെ വിവിധ വകുപ്പുകളിലായി വ്യാജമായി കിഴിവുകള്‍ നേടാൻ സഹായിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ്. 200 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന (വകുപ്പ് 80ജിജിസി) നല്‍കിയതായി കാണിച്ച് ക്ലെയിം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രധാന പരിശോധന. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ നികുതി വിധേയ വരുമാനത്തില്‍നിന്ന് കുറയ്ക്കാൻ അനുവദിക്കുന്നതാണ് ഈ വകുപ്പ്.
രജിസ്റ്റർ ചെയ്യാത്തതോ സംശയകരമായതോ ആയ സ്ഥാപനങ്ങള്‍ വഴി ഇടനിലാക്കാർ സംഭാവനകള്‍ ക്രമീകരിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം.
പഴയ നികുതി സമ്പ്രദായത്തിന് കീഴില്‍വരുന്ന കിഴിവുകളുടെ ദുരുപയോഗം തടയുന്നതിനുള്ള രാജ്യവ്യാപകമായ നീക്കത്തിന്റെ ഭാഗമായാണ് പരിശോധന.
ഓണ്‍ലൈനില്‍ റിട്ടേണ്‍ നല്‍കുന്നതിന്റെ സൗകര്യം മുതലെടുത്ത് രേഖകളില്ലാതെ പല നികുതിദായകരും ക്ലെയിമുകള്‍ കൂടുതലായി കാണിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം.