
മുംബൈ: യുഎസ് ആസ്ഥാനമായുള്ള മാഗ്ന ഇന്റർനാഷണൽ ഇങ്കിന്റെ നേതൃത്വത്തിൽ 82 മില്യൺ ഡോളർ (653 കോടി രൂപ) സമാഹരിച്ചതായി അറിയിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ യുലു. ബജാജ് ഓട്ടോ ലിമിറ്റഡ് പോലുള്ള നിലവിലുള്ള നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.
സ്റ്റാർട്ടപ്പ് അതിന്റെ മൊബിലിറ്റി & ബാറ്ററി-സ്വാപ്പിംഗ് ബിസിനസ്സ് വർധിപ്പിക്കാനായി ഈ ഫണ്ട് ഉപയോഗിക്കും. ഫണ്ടിംഗ് ഉപയോഗിച്ച് അടുത്ത 12 മാസത്തിനുള്ളിൽ അതിന്റെ ഇലക്ട്രിക് ഇരുചക്ര വാഹന ബാറ്ററി ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് യുലു പദ്ധതിയിടുന്നത്.
ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡുമായി ഉൽപ്പന്ന രൂപകൽപന, സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ, എഞ്ചിനീയറിംഗ് പ്രക്രിയകൾ, നിർമ്മാണം എന്നിവയിൽ യുലുവിന് തന്ത്രപരമായ പങ്കാളിത്തമുണ്ട്. ബജാജ് അതിന്റെ അടുത്ത തലമുറ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ 2022 അവസാനത്തോടെ പൂനെ സൗകര്യത്തിൽ നിന്ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
അടുത്ത മൂന്ന്-നാലു വർഷത്തിനുള്ളിൽ ബാറ്ററി-ആസ്-എ-മൊബിലിറ്റി (BaaS), മൊബിലിറ്റി-ആസ്-എ-സർവീസ് (MaaS) ബിസിനസുകളിൽ യുലു 100 മടങ്ങ് വളർച്ച ലക്ഷ്യമിടുന്നു. ശക്തവും ചടുലവുമായ ഒരു വിതരണ ശൃംഖല സ്ഥാപിക്കുകയും പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് സ്റ്റാർട്ടപ്പ് അറിയിച്ചു.