ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: ചരിത്രപരമായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സുരക്ഷ-പ്രതിരോധ പങ്കാളിത്ത കരാറിലൂടെ ആഗോള സമവാക്യങ്ങൾ മാറാനൊരുങ്ങുന്നു.

യു.എസ് നയിക്കുന്ന നാറ്റോ സഖ്യത്തിൽ ചേരാതെ തന്നെ യൂറോപ്യൻ യൂണിയൻ നാറ്റോ സഖ്യകക്ഷിയേപ്പോലെയുള്ള പ്രാധാന്യമാണ് ഇന്ത്യയ്ക്ക് ഈ കരാറിലൂടെ നൽകുന്നത്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിൽ ഒരു ‘മൂന്നാം ധ്രുവമായി’ (Third Pole) ഇന്ത്യ മാറുന്നതിന്റെ സൂചനയാണിതെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

ഇൻഡോ-പസഫിക് മേഖലയിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുക, സൈബർ ഭീഷണികളെ നേരിടുന്നതിനും ബഹിരാകാശ സുരക്ഷാ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും സഹകരിക്കുക, തന്ത്രപ്രധാനമായ രഹസ്യവിവരങ്ങൾ കൈമാറുക തുടങ്ങിയവയാണ് കരാറിലെ പ്രധാന ലക്ഷ്യങ്ങൾ.

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും സഹകരിക്കാൻ കരാർ ഇരുകക്ഷികളെയും ബാധ്യസ്ഥരാക്കുന്നതിലൂടെ പാക് കേന്ദ്രീകൃത ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ യൂറോപ്പിന്റെ മണ്ണിൽനിന്ന് പറിച്ചുമാറ്റാൻ കരാർ ഇന്ത്യയെ സഹായിക്കും.

ഇന്ത്യയെ ‘നാറ്റോ പ്ലസ്’ അംഗമാകാൻ യുഎസ് ക്ഷണിച്ചിരുന്നുവെങ്കിലും, റഷ്യയുമായുള്ള അടുത്ത ബന്ധം പരിഗണിച്ച് തന്ത്രപരമായ സ്വയം നിർണയാവകാശം സംരക്ഷിക്കാനായി ഇന്ത്യ ആ ക്ഷണം നിരസിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ഇൻഡോ-പസഫിക് തുടങ്ങിയ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായാണ് നാറ്റോ ഇപ്പോൾ കാണുന്നത്. എന്നാൽ, ഉടമ്പടിയിൽ അധിഷ്ഠിതമായ സഖ്യത്തേക്കാൾ, നിശ്ചിത ഉത്തരവാദിത്വങ്ങളുള്ള പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനായി ഒരു ‘സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ എഗ്രിമെന്റ്’ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും യൂരോപ്യൻ യൂണിയനും തമ്മിലുള്ള കരാർ ഒപ്പുവച്ചതിന് പിന്നാലെ ആരംഭിച്ചിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ ഇന്ത്യയ്ക്ക് അതു നൽകുന്ന മേൽക്കൈ വലുതാണ്. യു.എസ് സഖ്യത്തിൽ ചേരാതെ തന്നെ അതിന്റെ പ്രധാനപ്പെട്ട പല സൗകര്യങ്ങളും ഇന്ത്യയ്ക്ക് ആസ്വദിക്കാനാകും.

നാറ്റോ പ്ലസിൽ അംഗമാകാതെ തന്നെ, ആ പദവിയിലൂടെ ലഭിക്കുമായിരുന്ന രഹസ്യവിവര ശേഖരണ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടാൻ ഈ കരാർ ഇന്ത്യയെ സഹായിക്കുന്നു. അതിലൂടെ റഷ്യയുമായുള്ള ബന്ധം വഷളാക്കാതെ തന്നെ പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത സുരക്ഷാ ബന്ധം പുലർത്താൻ ഇന്ത്യയെ പ്രാപ്തമാക്കും.

രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ നീക്കമാണിത്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖലിസ്ഥാൻ ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകൾ ആളും അർഥവും ഒരുക്കുന്നത് യൂറോപ്പിലെ പ്രവർത്തനങ്ങളിലൂടെയാണ്.

ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ മുളയിലേ നുള്ളാൻ ഇന്ത്യയെ പ്രാപ്തരാക്കും. ഭീകരവാദ ഗ്രൂപ്പുകളെക്കുറിച്ചും അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചുമുള്ള വിവരങ്ങൾ കരാർ പ്രകാരം ഇന്ത്യയ്ക്ക് ലഭിക്കും.

സൈബർ ഭീഷണികളെ നേരിടാനും നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും ഉപകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലെ സുരക്ഷാ വിവരങ്ങൾ കൈമാറാനും കരാർ വഴിയൊരുക്കും.

മാത്രമല്ല, ഇതിലൂടെ ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിലേക്ക് കൂടുതൽ നിക്ഷേപമെത്തുന്നതിനും വഴിയൊരുങ്ങും. യൂറോപ്പിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 800 ബില്യൺ യൂറോയുടെ ‘റീ-ആം യൂറോപ്പ്’ പദ്ധതിയിൽ ഇന്ത്യൻ കമ്പനികൾക്കും പങ്കാളികളാകാൻ ഈ കരാർ അവസരമൊരുക്കും.

മാത്രമല്ല യൂറോപ്പിനാവശ്യമുള്ള ആയുധങ്ങൾ ചെലവുകുറച്ച് നിർമിക്കുന്ന കേന്ദ്രമായി മാറാനുള്ള അവസരവും ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് ലഭിക്കും. പ്രതിരോധ കയറ്റുമതിയിൽ ഇത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുകയും ചെയ്യും.

ഇന്ത്യൻ, യൂറോപ്യൻ കമ്പനികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ വ്യവസായ ഫോറം രൂപീകരിക്കാൻ കരാർ വഴിയൊരുക്കും. ഇതിലൂടെ പ്രതിരോധ സാങ്കേതികവിദ്യകളുടെ സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സപ്ലൈ ചെയിൻ സംയോജനം എന്നിവ സാധ്യമാകും.

യുദ്ധമോ, മറ്റ് സംഘർഷങ്ങളോ മൂലം ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ ഒരുപരിധിവരെ പരിഹരിക്കാൻ ഇത് സഹായിക്കും. ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ കരുത്ത് നേടാനുള്ള അവസരവും ഇതിലൂടെ ഒരുങ്ങും.

കരാറിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ഏറ്റവും പുതിയ സൈനിക സാങ്കേതികവിദ്യകൾ വലിയ കാലതാമസമില്ലാതെ ലഭ്യമാകും. അത് ഇന്ത്യയുടെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യും. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഏതൊരു സുരക്ഷാ വെല്ലുവിളിയെയും നേരിടാൻ അവരെ സജ്ജരാക്കുകയും ചെയ്യുക എന്ന സേഫ് (Security Action for Europe) എന്ന പ്രോഗ്രാമിലേക്കും ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കും.

പ്രതിരോധ ആവശ്യങ്ങൾക്കായി ഏകദേശം 150 ബില്യൺ യൂറോയുടെ വലിയ ഫണ്ടാണ് സേഫ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിക്കുന്നത്. ഈ ഫണ്ട് ഇന്ത്യൻ പ്രതിരോധ കമ്പനികൾക്കും ലഭിക്കാൻ കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ 2019-ൽ വിഭാവനം ചെയ്ത ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് (IPOI) പദ്ധതിയിൽ യൂറോപ്യൻ യൂണിയനും പങ്കാളിയായേക്കും. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ സംയുക്തമായി നേരിടുക, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം, സമുദ്ര വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, പങ്കാളിത്ത രാജ്യങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുക, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ സജ്ജമാകുക, ഗവേഷണ മേഖലയിലെ സഹകരണം, സുഗമമായ വ്യാപാര പാതകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങൾ. സുരക്ഷയും വികസനവും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘സാഗർ’ (SAGAR) ദർശനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.

യൂറോപ്യൻ യൂണിയൻ ഐപിഒഐയിൽ ചേരുന്നതിലുടെ ഈ പദ്ധതിക്ക് ആഗോളതലത്തിൽ കൂടുതൽ പ്രാധാന്യം കൈവരും. മേഖലയിൽ നിയമങ്ങൾക്കനുസൃതമായ വ്യവസ്ഥാപിതക്രമം കൊണ്ടുവരുന്നതിലൂടെ ചൈനയുടെ ഏകപക്ഷീയമായ സ്വാധീനത്തെ പ്രതിരോധിക്കാൻ ഇന്ത്യയെ അത് സഹായിക്കും.

ഒരു ഉടമ്പടിയിൽ അധിഷ്ഠിതമായ സഖ്യത്തേക്കാൾ, സമാന ചിന്താഗതിയുള്ള രാജ്യങ്ങൾ തമ്മിലുള്ള പ്രായോഗിക സഹകരണത്തിലൂടെ ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരിക എന്നതാണ് ഐപിഒഐ യുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിലും ഗൾഫ് ഓഫ് ഏഡനിലും കൂടുതൽ സംയുക്ത നാവികാഭ്യാസങ്ങൾ നടക്കും. ഇതിന്റെ പ്രയോജനം നാവികസേനയ്ക്കാണ് കൂടുതൽ ലഭിക്കുക.

അതേസമയം, ഇന്ത്യ- യൂറോപ്യൻ യൂണിയൻ സുരക്ഷാ-പ്രതിരോധ പങ്കാളിത്ത കരാറിനെ ആശങ്കയോടെയാണ് യുഎസ്, ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ കാണുന്നത്. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ തങ്ങളുടെ വ്യാപാര താൽപ്പര്യങ്ങളെ ബാധിക്കുമോ എന്ന ആശങ്ക യു.എസ് പരസ്യമാക്കി കഴിഞ്ഞു.

ഇൻഡോ-പസഫിക് മേഖലയിൽ തങ്ങളുടെ സ്വാധീനം കുറയ്ക്കാൻ ഈ കരാർ ഇടയാക്കുമെന്നാണ് ചൈന ഭയപ്പെടുന്നത്. തങ്ങളുടെ പ്രാദേശിക അഭിലാഷങ്ങൾക്കുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് ചൈന ഈ പങ്കാളിത്തത്തെ കാണുന്നത്.

ചൈനയുമായോ പാകിസ്ഥാനുമായോ ഭാവിയിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ, ഇന്ത്യയുമായുള്ള ഈ അടുത്ത സുരക്ഷാ ബന്ധം യൂറോപ്യൻ യൂണിയനെ ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തിലെത്തിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ കരാർ ഊന്നൽ നൽകുന്നതിനാൽ പാകിസ്താനും അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് പുതിയ നീക്കങ്ങൾ. പാകിസ്താനിലെ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകൾക്ക് മേൽ അന്താരാഷ്ട്രതലത്തിൽ കൂടുതൽ പരിശോധനകളും നിരീക്ഷണവും ഉണ്ടാകാൻ ഈ കരാർ കാരണമാകുമെന്ന് അവർ ഭയപ്പെടുന്നു.

പ്രാദേശിക പ്രശ്‌നങ്ങളിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിന് കരാർ കൂടുതൽ ശക്തിനൽകുമെന്ന ഭയവും പാകിസ്താനുണ്ട്.

X
Top