
ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനത്തിനിടെ, ഇന്ത്യയ്ക്ക് യൂറോപ്പിൽ നിന്നൊരു ‘ശുഭ വാർത്ത’.
ഇന്ത്യയിൽ നിന്നുള്ള 102 കമ്പനികളെ കൂടി സമുദ്രോൽപന്ന കയറ്റുമതിയുടെ പട്ടികയിൽ യൂറോപ്യൻ യൂണിയൻ ഉൾപ്പെടുത്തി. ഇതോടെ, യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതിയുള്ള ആകെ കമ്പനികളുടെ എണ്ണം 604 ആയി. 2023-24ൽ 110 കോടി ഡോളറിന്റെ സമുദ്രോൽപന്ന കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യൻ യൂണിയനിലേക്ക് നടത്തിയത്.
കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഉൾപ്പെടെ സംബന്ധിച്ച്, കഴിഞ്ഞ ദിവസങ്ങളിലായി യൂറോപ്യൻ യൂണിയൻ അധികൃതരുമായി നിരവധി യോഗങ്ങൾ ന്യൂഡൽഹിയിൽ നടന്നിരുന്നു. കൂടുതൽ കമ്പനികൾക്ക് കയറ്റുമതി അനുമതി ലഭിച്ചത് തൊഴിലവസരങ്ങളും വിദഗേശനാണയ വരുമാനവും ഉയർത്താൻ സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്ന കയറ്റുമതിയിൽ കേരളത്തിനും നിർണായക സ്ഥാനമുണ്ടെന്നിരിക്കേ, യൂറോപ്യൻ യൂണിയനിൽ കൂടുതൽ വിപണി കിട്ടുന്നത് കേരളത്തിലും വലിയ നേട്ടമാകും.
യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാക്കാനുള്ള ഒരുക്കത്തിലുമാണ് ഇന്ത്യ. 2024-25ലെ കണക്കുപ്രകാരം 136.5 ബില്യൻ ഡോളറിന്റെ വ്യാപാരവുമായി, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യൂറോപ്യൻ യൂണിയൻ.
ഇതിൽ 75.9 ബില്യൻ ഡോളറും ഇന്ത്യയുടെ കയറ്റുമതിയാണ്. 60.7 ബില്യൻ ഡോളർ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിയും.