
ബ്രസ്സല്‍സ്: ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ നടപ്പ് വര്‍ഷത്തില്‍ അന്തിമമാക്കാനാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. യുഎസ് തീരുവ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നും യുഎസിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങി നിരവധി രാഷ്ട്രങ്ങളുമായും സംഘടന ചര്‍ച്ചകള്‍ തുടങ്ങി. വ്യാപാരത്തിന്റെ വൈവിദ്യവത്ക്കരണമാണ് ലക്ഷ്യം. ഇതുവഴി യുഎസ് ആശ്രയത്വം കുറയ്ക്കാമെന്ന് അവര്‍ കരുതുന്നു.
1.4 ബില്യണിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയുമായുള്ള വ്യാപാരം അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂണിയന് പ്രധാനപ്പെട്ടതാണ്. അതേസമയം കരാറിലെ നിബന്ധനകള്‍ ഇരുകൂട്ടരും ഇതുവരെ പരസ്യമാക്കിയിട്ടില്ല.
സാധനങ്ങള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ പ്രധാന മേഖലകള്‍ കരാറില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിരവധി യൂറോപ്യന്‍ ഉത്ന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യുഎസ് തയ്യാറായിരുന്നു.