
ബ്രസ്സല്‍സ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉയര്‍ന്ന തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം യൂറോപ്യന്‍ യൂണിയന്‍ അവഗണിച്ചു. ഇരുരാജ്യങ്ങള്‍ക്കുമെതിരെ തീരുവ ചുമത്താന്‍ ഇയു തയ്യാറായേക്കില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു പ്രധാന ഇന്ത്യന്‍ റിഫൈനറിയേയും രണ്ട് ചൈനീസ് ബാങ്കുകളേയും ഉപരോധ പട്ടികയില്‍ പെടുത്തിയെങ്കിലും താരിഫുകള്‍ വ്യത്യസ്തമാണെന്ന് ഇയു ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീരുവ ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.
സങ്കീര്‍ണ്ണവും ഗൗരവപൂര്‍ണ്ണവുമായ ഉപാദിയാണ് തീരുവയെന്നും അവ നീതീകരിക്കപ്പെടുന്നതാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ വളങ്ങള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുമെതിരെ മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ തീരുവ ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ തീരുവ ചുമത്തുന്ന കാര്യം പരിഗണിച്ചിട്ടില്ല.
മാത്രമല്ല, ഇന്ത്യയുമായുള്ള വ്യാപാരക്കരാറിന്റെ അവസാന ഘട്ടത്തിലാണ് ഇയു. ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്.
ഈയിനത്തില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ലഭ്യമാകുന്ന തുക റഷ്യ, ഉക്രൈനെതിര യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ യൂറോപ്യന്‍ യൂണിയനാണ് റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതെന്ന് ഇന്ത്യ തിരിച്ചടിക്കുന്നു.