
ഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ 2022 മുതല്‍ ഇന്ന് വരെ ഇന്ത്യ 132 ബില്യണ്‍ രൂപയുടെ റഷ്യന്‍ എണ്ണവാങ്ങി. ഇത് റഷ്യന്‍ എണ്ണ വരുമാനത്തിന്റെ അഞ്ചിലൊന്ന് വരും. ഫിന്‍ലന്റിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) വെളിപെടുത്തുന്നു.
ഇതുകൂടാതെ 16 ബില്യണ്‍ ഡോളറിന്റെ കല്‍ക്കരിയും ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ എണ്ണ, വാതകം, കല്‍ക്കരി കയറ്റുമതി 931 ബില്യണ്‍ രൂപയുടേതായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ചൈനയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അതേസമയം ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനേയും തുര്‍ക്കിയേയും രാജ്യം മറികടന്നു. ചൈന 193 ബില്യണ്‍ രൂപയ്ക്കും യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും യഥാക്രമം 105 ബില്യണ്‍ രൂപയ്ക്കും 71 ബില്യണ്‍ രൂപയ്ക്കുമാണ് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തത്.
റഷ്യന്‍ കല്‍ക്കരി വാങ്ങുന്ന കാര്യത്തിലും ചൈനയാണ് മുന്നില്‍. അവര്‍ 39 ബില്യണ്‍ രൂപ ഈയിനത്തില്‍ ചെലവഴിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ 105 ബില്യണ്‍ രൂപയുടേയും ചൈന 36 ബില്യണ്‍ രൂപയുടേയും തുര്‍ക്കി 29 ബില്യണ്‍ രൂപയുടേയും വാതകമാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന്റെ പേരില്‍ യുഎസ് രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരും.
എന്നാല്‍ സിആര്‍ഇഎ കണക്കുകള്‍ കാണിക്കുന്നത് പ്രകാരം റഷ്യന്‍ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ഒട്ടും പിന്നിലല്ല.