
ന്യൂഡൽഹി: ഏകദേശം 10 ലക്ഷം കോടി രൂപയുടെ പെൻഷൻ ഫണ്ട് കോർപ്പസ് ഉണ്ടായിരുന്നിട്ടും, 96 ശതമാനത്തിലധികം ഇപിഎഫ് പെൻഷൻകാർക്കും പ്രതിമാസം 4,000 രൂപയിൽ താഴെയാണ് ലഭിക്കുന്നതെന്ന് കണക്കുകൾ.
കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ജലെ പാർലമെൻറിൽ നൽകിയ ഉത്തരത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന കണക്കുകൾ പ്രകാരം, 81,48,490 ഇപിഎസ് പെൻഷൻകാരിൽ 78,69,560 പെൻഷൻകാർക്ക് പ്രതിമാസം 4,000 രൂപയിൽ താഴെയാണ് ലഭിക്കുന്നത്. ഇത് ആകെ സംഖ്യയുടെ 96.58 ശതമാനത്തോളമാണ്.
49.15 ലക്ഷം പെൻഷൻകാർക്ക് – മൊത്തം പെൻഷൻകാരിൽ പകുതിയിലധികവും – ഇപ്പോഴും പ്രതിമാസം 1,500 രൂപയിൽ താഴെ പെൻഷനാണ് ലഭിക്കുന്നത്. ആകെ പെൻഷൻകാരുടെ 99.34 പേർക്ക്, പ്രതിമാസം 6,000 ൽ താഴെയാണ് തുക ലഭിക്കുന്നത്. 0.66 ശതമാനം പേർക്ക് മാത്രമാണ് ആറായിരം രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കുന്നത്.
2025 മാർച്ചിൽ എംപ്ലോയീസ് പെൻഷൻ ഫണ്ട് കോർപ്പസ് 9.93 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. 2023-24 ൽ മാത്രം പെൻഷൻ ഫണ്ട് പലിശ വരുമാനമായി 58,668.73 കോടി രൂപയും പിഴ/മറ്റ് വരുമാനമായി 863.62 കോടി രൂപയും ഉൾപ്പെടെ ആകെ 59,532.35 കോടി രൂപയാണ് ഇപിഎഫ് വരുമാനം.
എന്നാൽ ഇതേ വർഷം വിതരണം ചെയ്ത പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ 23,027.93 കോടി രൂപ മാത്രമാണ്. പലിശ വരുമാനത്തിന്റെ പകുതിയിൽ താഴെ മാത്രം തുകയാണ് ചെലവാക്കിയത്. പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ 10,898.07 കോടി രൂപ നിഷ്ക്രിയമായി തുടരുന്നുവെന്നും ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വെളിപ്പെടുത്തുന്നു.