
ന്യൂഡൽഹി: കാർബൺ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി വ്യവസായ ശാലകൾക്ക് മേലുള്ള ഹരിതഗൃഹ വാതക ബഹിർഗമന നിയന്ത്രണ നിയമം പ്രാബല്യത്തിലായി. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സ്വയം നിയന്ത്രണ നിയമം.
ഏപ്രിൽ 16 ന് നിയമത്തിന്റെ കരട് ( Greenhouse Gases Emission Intensity Target Rules, 2025) പുറപ്പെടുവിച്ചിരുന്നു. നിർദ്ദേശങ്ങളും എതിർപ്പുകളും പരിഗണിച്ച ശേഷം ഒക്ടോബർ 8 ന് വിജ്ഞാപനമായി. ഹരിതഗൃഹ വാതക ബഹിർഗമന മലിനീകരണത്തിന് കാരണമാകുന്ന വ്യവസായശാലകൾക്ക് സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് നിയമം.
പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ പരിധിയിൽ അലുമിനിയം, സിമൻറ്, പൾപ്പ്, പേപ്പർ, ക്ലോർ-ആൽക്കലി മേഖലകളിലുടനീളമുള്ള 282 വ്യവസായ യൂണിറ്റുകൾ ഉൾപ്പെടുന്നു. ഇവർ 2023-24 ലെ നിശ്ചയിക്കപ്പെട്ട അടിസ്ഥാന നിലവാരത്തിൽ നിന്ന് ഓരോ യൂണിറ്റ് പുറന്തള്ളൽ തീവ്രത കുറയ്ക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ പെർഫോം, അച്ചീവ് ആൻഡ് ട്രേഡ് (പിഎടി) ഊർജ്ജ കാര്യക്ഷമതാ പദ്ധതിയെ അടിസ്ഥാനമാക്കിയാണ് നിയമം നിർമ്മിച്ചിരിക്കുന്നത്. വ്യവസായങ്ങൾക്ക് ഊർജ്ജ സംരക്ഷണ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും നേരിട്ടുള്ള കാർബൺ പരിധി നിശ്ചയിച്ചിരുന്നില്ല.
വ്യവസായത്തിലെ ഡീകാർബണൈസേഷൻ വേഗത്തിലാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 2023 ലെ കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം ഈ നിയമത്തിന് ചേർന്ന് വരും. നിയുക്ത ലക്ഷ്യത്തേക്കാൾ കുറവ് പുറന്തള്ളുന്ന വ്യവസായശാലകൾക്ക് ട്രേഡബിൾ കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ നൽകും. അതേസമയം ലക്ഷ്യത്തിൽ കൂടുതൽ പുറന്തള്ളുന്നവർ പിഴയടക്കണം. ‘പരിസ്ഥിതി നഷ്ടപരിഹാരം’ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. നിശ്ചിത ക്രെഡിറ്റുകളായാണ് ഇത് ശേഖരിക്കപ്പെടുന്നത്.
സിമന്റ് മേഖലയിൽ രണ്ട് വർഷത്തിനുള്ളിൽ അലുമിനിയത്തിൽ ഏകദേശം 3.4 ശതമാനം, ക്ലോർ-ആൽക്കലിയിൽ 7.5 ശതമാനം, പൾപ്പ്, പേപ്പർ എന്നിവയിൽ 7.1 ശതമാനം എന്നിങ്ങനെയാണ് തീവ്രത കുറയ്ക്കൽ ലക്ഷ്യങ്ങൾ.
2030 ആകുമ്പോഴേക്കും ബഹിർഗമന തീവ്രത 2005 ലെ നിലവാരത്തിൽ നിന്ന് 45 ശതമാനം കുറയ്ക്കുക. 2070 ആകുമ്പോഴേക്കും മൊത്തം പൂജ്യം നേട്ടം കൈവരിക്കുക എന്ന പാരീസ് ഉടമ്പടിയിലെ ലക്ഷ്യ പ്രകാരമാണ് നിയമം. പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപ വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ ചുരുക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ട്.