ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഇഎംഎസ്: ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നു

കേരളത്തിന്റെ എഴുപത് വർഷത്തെ ചരിത്രം പഠിക്കുമ്പോൾ ആദ്യ താളുകളിൽ തന്നെ നാം വായിച്ചും പഠിച്ചും പോകേണ്ട വ്യക്തിയാണ് മാർക്സിസ്റ്റ്– കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ്. നമ്പൂതിരിപ്പാട്.

ബാലറ്റ് പേപ്പറിലൂടെ ലോകത്താദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് നേതാവ്. മലയാളിക്ക് രാഷ്ട്രീയത്തിന്റെയും ധൈഷണികതയുടെയും മൂന്നുവാക്കായിരുന്നു ഇ.എം.എസ്. ചരിത്രകാരൻ, സാമൂഹിക പരിഷ്കർത്താവ്‌, ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനി, ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിൽ ഒരാൾ, അധികാര വികേന്ദ്രീകരണത്തിന്റെ വക്താവ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് ഇഎംഎസിന്.

ആറു തവണ കേരള അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1957–59, 1967–69 കാലഘട്ടങ്ങളിലാണ് മുഖ്യമന്ത്രിയായിരുന്നത്. ഇ.എം.എസ് തന്നെയാണ് കേരളാ മോഡലെന്ന് പ്രകീര്‍ത്തിക്കപ്പെട്ട വികസനമാതൃകയ്ക്ക് അടിത്തറയിട്ടത് എന്നത് വിസ്മരിക്കാനാകില്ല.

അദ്ദേഹത്തിന്റെ മിക്ക ലേഖനങ്ങളും സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കിയുള്ളവയായിരുന്നു. കേരളം മലയാളികളുടെ മാത‍ൃഭൂമി എന്ന പുസ്തകം ഇ.എം.എസിന്‍റെ ചരിത്രബോധവും നിരീക്ഷണപാടവവും കേരളത്തിന്‍റെ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ കുറിച്ച് ആഴത്തിലുണ്ടായിരുന്ന ജ്ഞാനവും വ്യക്തമാക്കുന്നുണ്ട്.

ആ ബോധ്യങ്ങളില്‍ നിന്നാണ് 1957ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഭൂപരിഷ്കരണ നടപടികള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടത്. വിമോചന സമരം ആളിക്കത്തിയതോടെ 1959ല്‍ കേന്ദ്രം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. വീണ്ടും 67ല്‍ അധികാരത്തിലെത്തിയെങ്കിലും അഞ്ചുവര്‍ഷം തികയ്ക്കാന്‍ ഇ.എം.എസിനായില്ല. 1976ല്‍ സി.പി.എം ജനറല്‍ സെക്രട്ടറിയായതോടെ പൂര്‍ണമായും സംഘടനാരംഗത്തേക്ക് മാറിയെങ്കിലും പാര്‍ട്ടി ഭരണത്തിലെത്തിയപ്പോഴൊക്കെ വഴികാട്ടിയും സ്വാധീനവുമായി തുടര്‍ന്നു.

ചെന്നൈ പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയ ഇ.എം.എസ് മരണം വരെ പൊളിറ്റ് ബ്യൂറോ അംഗമായി തുടര്‍ന്നു. മലപ്പുറം ജില്ലയിലെ ഏലംകുളം എന്ന സമ്പന്ന മനയില്‍ 1909ല്‍ പിറന്ന ഇ.എം.എസ് താന്‍ ആര്‍ജിച്ചതെല്ലാം പാര്‍ട്ടിക്ക് നല്‍കിയ ശേഷമാണ് വിടപറഞ്ഞത്. ഒരുറച്ച കോൺഗ്രസ് അനുഭാവിയിൽനിന്ന് കമ്യൂണിസത്തിന്റെ അത്യുന്നതങ്ങളിലെത്തിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജീവിതയാത്ര പലപ്പോഴും വൈരുധ്യങ്ങളുടെ പാതകളിലൂടെയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പാർട്ടിയെ നിരോധിച്ചതോടെ ഏറെക്കാലം ഒളിവിൽ കഴിയുകയും ചെയ്തു.

പിളര്‍പ്പിന്‍റെ കാലത്തും നക്സല്‍ബാരിയുടെ ചൂട് പാര്‍ട്ടിയെ പൊള്ളിച്ചപ്പോഴും ബദല്‍രേഖ സൃഷ്ടിച്ച ആശയക്കുഴപ്പത്തിലും സൈദ്ധാന്തിക വ്യക്തത നല്‍കിയതും ഇ.എം.എസ് തന്നെ. സൈദ്ധാന്തികാചാര്യന്‍ മാത്രമായിരുന്നില്ല, പ്രായോഗിക രാഷ്ട്രീയത്തിന്‍റെ മെയ് വഴക്കവും വേണ്ടുവോളം ഉണ്ടായിരുന്നു സഖാവിന്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കടുത്ത ആശയക്കുഴപ്പത്തില്‍ വീണപ്പോള്‍, സിദ്ധാന്തത്തിനല്ല, പ്രയോഗിച്ചവര്‍ക്കാണ് കുഴപ്പമെന്നു പറഞ്ഞ് സി.പി.എമ്മിന് വ്യക്തതവരുത്തിയത് ഇ.എം.എസ് ആണ്. സൈദ്ധാന്തിക–പ്രായോഗിക തലത്തില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച ഇ.എം.എസിന്‍റെ ഊര്‍ജം ഇന്നും സിപിഎമ്മിന് കരുത്താണ്.

ജീവിതത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദാര്‍ശനികനായിരുന്നു ഇ.എം.എസ്. സാഹിത്യത്തിലും ചിന്തയിലും ചരിത്ര രചനയിലും ഇടതുപക്ഷ ആശയങ്ങള്‍ അവതരിപ്പിക്കാനും ആ ധാരയിലേക്ക് നിരവധിപ്പേരെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. സാഹിത്യം സമൂഹ നന്മയ്ക്ക് എന്നതായിരുന്നു എല്ലാ കാലത്തും ഇ.എം.എസിന്റെ വാദം. 1970ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇ.എം.എസിന്റെ ആത്മകഥയ്ക്കായിരുന്നു ലഭിച്ചത്.

X
Top