
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ബിഎല്‍ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി എമിറേറ്റ്‌സ് എന്‍ബിഡി രംഗത്ത്. ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ കരസ്ഥമാക്കാനാണ് യു.എ.ഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനത്തിന്റെ നീക്കം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
2007 ലാണ് എമിറേറ്റിസ് എന്‍.ബി.ഡി ബാങ്ക് നിലവില്‍ വന്നത്. നേരത്തെയുണ്ടായിരുന്ന എമിറേറ്റ്‌സ് ബാങ്ക് ഇന്റര്‍നാഷണലും നാഷണല്‍ ബാങ്ക് ഓഫ് ദുബൈയും ലയിച്ചായിരുന്നു എമിറേറ്റ്‌സ് എന്‍.ബി.ഡിയുടെ രൂപീകരണം.
എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഇന്ത്യയിലെ സബ്‌സിഡിയറി കമ്പനി വഴിയാകും ഇടപാട് പൂര്‍ത്തിയാക്കുക. ഇതിനുശേഷം ഈ കമ്പനിയെ ആര്‍ബിഎല്‍ ബാങ്കില്‍ ലയിപ്പിക്കാനാണ് പദ്ധതി. മറ്റ് ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ബിഎല്‍ ബാങ്കില്‍ പ്രമോട്ടര്‍മാര്‍ ഇല്ല. നിക്ഷേപക സ്ഥാപനങ്ങള്‍ക്കും മറ്റും ഓഹരിപങ്കാളിത്തമുണ്ടെങ്കിലും പ്രമോട്ടര്‍മാരുടെ റോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
കേരളത്തില്‍ സജീവ സാന്നിധ്യമുള്ള ആര്‍ബിഎല്‍ ബാങ്കിന്റെ തുടക്കത്തിലുള്ള പേര് രത്‌നാകര്‍ ബാങ്ക് എന്നായിരുന്നു. 1943ലാണ് സ്ഥാപിതമായത്. തുടക്കത്തില്‍ മഹാരാഷ്ട്രയില്‍ മാത്രമായിരുന്നു പ്രവര്‍ത്തനം. 1970കളില്‍ വിപുലീകരിച്ചു. 2010ലാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം വരുന്നത്.
ബാങ്ക് ഓഫ് അമേരിക്കയിലെ പരിചയസമ്പത്തുമായി എത്തിയ വിശ്വവീര്‍ അഹൂജ മാനേജിംഗ് ഡയറക്ടറും എംഡിയുമായി ചുമതലയേറ്റതോടെയാണിത്. 2014ല്‍ രത്‌നാകര്‍ ബാങ്ക് എന്ന പേര് ആര്‍ബിഎല്‍ ബാങ്ക് എന്നാക്കി മാറ്റി.
ജൂണില്‍ അവസാനിച്ച പാദത്തില്‍ 3,441 കോടി രൂപയായിരുന്നു ആര്‍ബിഎല്‍ ബാങ്കിന്റെ വരുമാനം. ലാഭം 200 കോടി രൂപയും. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 46 ശതമാനം ഇടിവാണിത്. ബാങ്കിന്റെ മൊത്തം നിക്ഷേപം 1.12 ലക്ഷം കോടിയാണ്. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ പാദത്തില്‍ 2.78 ശതമാനമായി ഉയര്‍ന്നു.