
ലോക സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ഇലോൺ മസ്‌ക്. ഹുറുൺ പട്ടിക പ്രകാരം ഇലോൺ മസ്കിന്റെ ആസ്തി 82% അഥവാ 189 ബില്യൺ ഡോളർ വർദ്ധിച്ച് ആകെ 420 ബില്യൺ ഡോളറിലെത്തി.
അഞ്ച് വർഷത്തിനിടെ നാലാം തവണയാണ് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഉടമയായ ഇലോൺ മസ്‌ക് സമ്പന്ന സിംഹാസനത്തിലേറുന്നത്.
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് എത്തിയതോടുകൂടി യുഎസ് ആസ്ഥാനമായുള്ള സമ്പന്നരുടെ സമ്പത്തിലുണ്ടായ കുതിച്ചുചാട്ടത്തെ ട്രംപ് ഇഫക്റ്റുമായി വിദഗ്ദർ ബന്ധപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമാണ് ടെസ്‌ലയുടെ ഓഹരി വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് എന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. യുഎസിലെ നിരവധി ശതകോടീശ്വരന്മാർക്ക് ഈ ‘ട്രംപ് ഇഫക്റ്റ്’ ഗുണം ചെയ്തു.
മസ്‌കിന് പുറമേ, ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ്, ആമസോണിന്റെ ജെഫ് ബെസോസ്, എൻവിഡിയയുടെ ജെൻസൺ ഹുവാങ് എന്നിവരും ട്രംപ് ഇഫക്റ്റിൽ നേട്ടങ്ങൾ കൊയ്തവരാണ്. ഇവരുടെ ഓരോരുത്തരുടെയും സമ്പത്ത് 80 ബില്യൺ ഡോളറോ അതിൽ കൂടുതലോ വേർച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പീറ്റർ തീലിനെപ്പോലുള്ള പോലുള്ള സഖ്യകക്ഷികളുടെ ആസ്തി ഉയർന്നിട്ടുണ്ട്. പീറ്റർ തീലിന്റെ ആസ്തി 67% വർദ്ധിച്ച് 14 ബില്യൺ ഡോളറിലെത്തി. ഒപ്പം മസ്‌കിന്റെ ആസ്തി കുത്തനെ ഉയർന്നു. ചരിത്രത്തിൽ 400 ബില്യൺ ഡോളർ മറികടക്കുന്ന ആദ്യത്തെ വ്യക്തിയായി മസ്‌ക് മാറി.
ട്രംപിന്റെ വിജയം നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസം ഉയർത്തിയതാണ് ടെസ്‌ലയുടെ ഓഹരി കുത്തിക്കാനുള്ള കാരണം എന്ന് ഹുറുൺ റിപ്പോർട്ട് പറയുന്നു.