
സമ്പത്തിൽ ഇലോൺ മസ്ക് കുബേരനെയും കടത്തിവെട്ടുമോ? മസ്കിന് ഒരുലക്ഷം കോടി ഡോളർ (ഒരു ട്രില്യൻ) വേതനപ്പാക്കേജ് നൽകാനുള്ള നീക്കത്തിന് ടെസ്‍ല ഓഹരി ഉടമകളുടെ യോഗം പച്ചക്കൊടി വീശി.
ബ്ലൂംബെർഗിന്റെ ‘റിയൽടൈം’ ശതകോടീശ്വര പട്ടികപ്രകാരം നിലവിൽതന്നെ 461 ബില്യൻ ഡോളർ (ഏകദേശം 40 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്തെ ഏറ്റവും സമ്പന്നനാണ് മസ്ക്. രണ്ടാമതുള്ള ഓറക്കിൾ മേധാവി ലാറി എലിസണിന്റെ ആസ്തി 303 ബില്യൻ ഡോളറേയുള്ളൂ (26.8 ലക്ഷം കോടി രൂപ).
ഇപ്പോഴേ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലുള്ള മസ്കിന് ലക്ഷം കോടി ഡോളർ (88.5 ലക്ഷം കോടി രൂപ) വേതനപ്പാക്കേജ് കൂടി കിട്ടുമ്പോൾ മറികടക്കാനാവാത്ത വിധം ഉയരങ്ങളിലേക്ക് ആസ്തി കുതിക്കും. ഏറെക്കാലം നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് മസ്കിന് ട്രില്യൻ ഡോളർ വേതനം നൽകാൻ 75% ഓഹരി ഉടമകളും സമ്മതംമൂളിയത്. എങ്കിലും, പാക്കേജ് കിട്ടാൻ മസ്കിന് മുന്നിൽ കടമ്പകൾ ഒട്ടേറെയുണ്ട്.
പാക്കേജ് ലഭിക്കുന്നതോടെ ടെസ്‍ലയിൽ മസ്കിന്റെ ഓഹരിപങ്കാളിത്തം നിലവിലെ 13ൽ നിന്ന് 25 ശതമാനമായി ഉയരും. അതോടെ അദ്ദേഹം കമ്പനിയിൽ കൂടുതൽ കരുത്തനുമാകും. പക്ഷേ, പാക്കേജ് പൂർണമായി ലഭിക്കാൻ പല നിബന്ധനകളും ഓഹരി ഉടമകളുടെ യോഗം മുന്നോട്ടുവച്ചിട്ടുണ്ട്. 12 തവണകളായാണ് പാക്കേജ് മസ്കിന് ലഭ്യമാക്കുക.
നിബന്ധനകളിൽ ഒന്ന് – ടെസ്‍ലയുടെ വിപണിമൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) നിലവിലെ 1.54 ട്രില്യൻ ഡോളറിൽനിന്ന് 2 ട്രില്യനിൽ മസ്ക് എത്തിക്കണം. അതു സാധ്യമാക്കിയാൽ പാക്കേജിന്റെ ആദ്യഘട്ടം നൽകും. അടുത്ത 9 ഘട്ട പാക്കേജുകൾ സ്വന്തമാക്കാനായി ടെസ്‍ലയുടെ വിപണിമൂല്യം 500 ബില്യൻ ഡോളർ വീതം പടിപടിയായി ഉയർത്തി 6.5 ട്രില്യനിൽ എത്തിക്കണം.
തുടർന്ന്, വിപണിമൂല്യം ഓരോ ട്രില്യൻ വീതം ഉയർത്തി മൊത്തം 8.5 ട്രില്യനിൽ എത്തുമ്പോഴേ വേതനപ്പാക്കേജ് പൂർണമായി സ്വന്തമാക്കാൻ മസ്കിന് കഴിയൂ. ഫലത്തിൽ, പാക്കേജ് പാസായെങ്കിലും കൈയിൽകിട്ടാൻ മസ്ക് വിയർപ്പൊഴുക്കേണ്ടി വരും.
നിബന്ധനകൾ വേറെയും ചിലതുണ്ട് – നിലവിൽ ടെസ്‍ലയുടെ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (എബിറ്റ്ഡ) 4.2 ബില്യനാണ്. ഇത് 50 ബില്യനിൽ തുടങ്ങി പടിപടിയായി 400 ബില്യനിൽ എത്തിക്കണം. വാഹന വിൽപന 2 കോടിയിലേക്ക് ഉയർത്തണം. ഫുൾ സെൽഫ്-ഡ്രൈവിങ് (എഫ്എസ്ഡി) സബ്സ്ക്രിപ്ഷൻ ഒരു കോടിയാക്കണം. 10 ലക്ഷം റോബോടാക്സികൾ ഉൾപ്പടെയുള്ള ലക്ഷ്യങ്ങളുമുണ്ട്. ഇതിനകം ടെസ്‍ല ആകെ വിറ്റത് 80 ലക്ഷം വാഹനങ്ങളാണ്.
എന്നിരുന്നാലും, ഈ ലക്ഷ്യങ്ങൾ കണ്ടില്ലെങ്കിലും വേതനപ്പാക്കേജ് നേടാൻ മസ്കിന് ചില അവസരങ്ങളിൽ കഴിയും. അതുപക്ഷേ പ്രകൃതിദുരന്തം, മഹാമാരികളുടെ വ്യാപനം, യുദ്ധം, ഫെഡറൽ നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ സാഹചര്യങ്ങളിലായിരിക്കും.
ടെസ്‍ലയ്ക്ക് പുറമേ സ്പേസ്എക്സ്, എക്സ്എഐ, എക്സ്, ന്യൂറാലിങ്ക് തുടങ്ങിയവയുടെയും മേധാവിയാണ് മസ്ക്. രാഷ്ട്രീയ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.






