
കൊച്ചി: ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ മറികടന്നും ഇന്ത്യയുടെ സ്‌മാർട്ട് ഫോണ്‍ കയറ്റുമതി മികച്ച മുന്നേറ്റം തുടരുന്നു. സെപ്തംബറില്‍ സ്‌മാർട്ട് ഫോണ്‍ കയറ്റുമതി മുൻവർഷത്തേക്കാള്‍ 95 ശതമാനം ഉയർന്ന് 180 കോടി ഡോളറായെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ വ്യക്തമാക്കി.
സാധാരണ ആഗസ്‌റ്റ്, സെപ്തംബർ മാസങ്ങളില്‍ ഉത്പാദനം പുനർക്രമീകരിക്കുന്നതിന്റെയും ഷിപ്പ്‌മെന്റ് സീസണുകളിലെ മാറ്റവും മൂലം കയറ്റുമതിയില്‍ തളർച്ച ദൃശ്യമാകാറുണ്ട്. എങ്കിലും ഇത്തവണ മുൻവർഷത്തേക്കാള്‍ മികച്ച വാങ്ങല്‍ താത്പര്യമാണ് ദൃശ്യമായത്.
ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള ആറ് മാസത്തില്‍ സ്മാർട്ട് ഫോണ്‍ കയറ്റുമതി 60 ശതമാനം വർദ്ധനയോടെ 1,350 കോടി ഡോളറായെന്നും വിലയിരുത്തുന്നു. മുൻവർഷം ഇതേകാലയളവില്‍ കയറ്റുമതി 850 കോടി ഡോളറായിരുന്നു.
മൊത്തം കയറ്റുമതിയില്‍ 70 ശതമാനവും അമേരിക്കയിലേക്കാണ്. യു.എ.ഇ, ഓസ്ട്രിയ, യു.കെ എന്നിവയാണ് മറ്റ് പ്രധാന വിപണികള്‍. ഇക്കാലയളവില്‍ അമേരിക്കയിലേക്കുള്ള സ്‌മാർട്ട് ഫോണ്‍ കയറ്റുമതി 200 ശതമാനം ഉയർന്ന് 940 കോടി ഡോളറിലെത്തി.