
ആലപ്പുഴ: കേരളത്തിന്റെ നിരത്തിൽ മൂന്ന് ലക്ഷം കടന്ന് വൈദ്യുതി വാഹനങ്ങൾ. ഒരുവർഷം നിരത്തിലിറങ്ങിയ വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോഡിട്ടാണ് മൂന്ന് ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് മലയാളിയുടെ വൈദ്യുത വാഹനക്കമ്പത്തിന്റെ കുതിപ്പ്.
ഒക്‌ടോബർ 11 വരെ സംസ്ഥാനത്ത് 3,03,925 വൈദ്യുത വാഹനങ്ങളാണ് രജിസ്‌റ്റർ ചെയ്‌തത്. മോട്ടർ വാഹനവകുപ്പിന്റെ പരിവാഹൻ വെബ്‌സൈറ്റിലെ വിവരങ്ങളുള്ളത്. ഇതോടെ സംസ്ഥാനത്താകെ രജിസ്‌റ്റർ ചെയ്‌ത വാഹനങ്ങളുടെ 1.63 ശതമാനമായി ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം.
ഒരുവർഷം രജിസ്‌റ്റർ ചെയ്യുന്ന വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിലും 2025 മുൻ വർഷങ്ങളെ മറികടന്നു. 87,964 വാഹനങ്ങളാണ് ജനുവരി ഒന്നുമുതൽ ഒക്‌ടോബർ 11 വരെ നിരത്തിലെത്തിയത്. ഇതുവരെ രജിസ്‌റ്റർ ചെയ്‌ത വൈദ്യുത വാഹനങ്ങളുടെ 28.94 ശതമാനം 2025–ലാണ്.
86,899 എണ്ണമെന്ന 2024ലെ കണക്കിനെയാണ് മറികടന്നത്. 2023ൽ 75815, 2022ൽ 39644, 2021ൽ 8746 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് വർഷത്തെ കണക്ക്. വൈദ്യുത ഇരുചക്രവാഹനങ്ങളിലാണ് മലയാളിക്ക് ഏറെ താൽപ്പര്യം.
ഇൗ വർഷം നിരത്തിലിറങ്ങിയ 87,964 ഇവികളിൽ 62,486 ഇരുചക്രവാഹനങ്ങളാണ്. വിവിധ വിഭാഗങ്ങളിലായി നിരത്തിലെത്തിയ 4,29,662 ടൂവീലറുകളാണ് ഇൗ വർഷം രജിസ്റ്റർചെയ്‌തത്. വൈദ്യുതി വാഹനങ്ങളുടെ വിപണി പങ്കാളിത്തം 14.54 ശതമാനമായി ഉയർന്നു.
2024ൽ 13.13, 2023ൽ 12.57, 2022ൽ 6.28, 2021ൽ 1.14 എന്നിങ്ങനെയായിരുന്നു. കാറുകൾ ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ, ലൈറ്റ് പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലും വർധനയുണ്ട്. 2024ൽ രജിസ്‌റ്റർ ചെയ്‌ത 20,173 എണ്ണത്തെ മറികടന്നു.
വർഷം അവസാനിക്കാൻ രണ്ടുമാസത്തിലധികം ബാക്കിനിൽക്കെ ഇരുവിഭാഗങ്ങളിലുമായി 20,355 വൈദ്യുത വാഹനങ്ങൾ യാത്രയാരംഭിച്ചു. വൈദ്യുത മുചക്രവാഹന വാഹനങ്ങളും വിലപ്പനയിൽ സ്ഥിരതയാർന്ന പ്രകടനമാണ് തുടരുന്നത്.
കഴിഞ്ഞ വർഷം 5092 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ഇൗ വർഷം ഇതുവരെ 4755 യൂണിറ്റുകൾ സവാരി ആരംഭിച്ചു. ലൈറ്റ് ഗുഡ്‌സ് വിഭാഗത്തിലും ഇവികൾക്ക് പ്രചാരമേറുന്നതായി കണക്കുകൾ തെളിയിക്കുന്നു. വിഭാഗത്തിൽ 349 വാഹനം ഇൗവർഷം നിരത്തിലെത്തി.
കഴിഞ്ഞവർഷം ഇത് 167 മാത്രമായിരുന്നു. ഹ്രസ്വദൂര നഗരയാത്രയ്‌ക്കും ചരക്കുനീക്കത്തിനും മലയാളി വൈദ്യുത വാഹനങ്ങളെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ ചരിത്രത്തിലാധ്യമായി വർഷം ഒരുലക്ഷം വൈദ്യുത വാഹനങ്ങളെന്ന ലക്ഷ്യവും മറികടന്നേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.