
കൊച്ചി: രാജ്യത്തെ വൈദ്യുതി വാഹന വിപണി കഴിഞ്ഞ മാസവും ചരിത്ര മുന്നേറ്റം കാഴ്ചവച്ചു. ഇന്ത്യയിലെ വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന ചരിത്രത്തിലാദ്യമായി മേയില്‍ മൊത്തം വിപണി വിഹിതത്തിന്റെ നാല് ശതമാനത്തിന് മുകളിലെത്തിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ(ഫെഡ) കണക്കുകളനുസരിച്ച് വൈദ്യുതി വാഹനങ്ങളുടെ വിപണി വിഹിതം 4.1 ശതമാനമായി ഉയർന്നു.
ഏപ്രിലിലിത് 3.5 ശതമാനമായിരുന്നു. ബാറ്ററി സാങ്കേതികവിദ്യ, ഉയർന്ന ഡ്രൈവിംഗ് റേഞ്ച്, ആകർഷകമായ വിലയിലുള്ള ഇ വാഹനങ്ങളുടെ മോഡലുകള്‍ എന്നിവയാണ് വിപണിക്ക് കരുത്താകുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ വൈദ്യുതി കാറുകളും ഇരുചക്ര വാഹനങ്ങളോടാണ് ഉപഭോക്താക്കള്‍ക്ക് പ്രിയമേറുന്നത്.
ടാറ്റ മോട്ടോഴ്‌സാണ് ഇ വാഹന വിപണിയിലെ മേധാവിത്തം നിലനിറുത്തുന്നത്. ജെ.എസ്.ഡബ്‌ള‌്യുവിന്റെ ഉടമസ്ഥതയിലുള്ള എം. ജി മോട്ടോർ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും അതിവേഗം വിപണി വികസിപ്പിക്കുന്നു. രാജ്യത്തെ മൊത്തം വൈദ്യുതി വാഹന വില്‍പ്പനയില്‍ 87 ശതമാനം വിഹിതവും ഈ മൂന്ന് കമ്പനികള്‍ക്കാണ്.
ടാറ്റ മോട്ടോഴ്‌സ് കിതയ്ക്കുന്നു
മേയില്‍ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 4,351 വൈദ്യുതി വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാള്‍ കമ്പനിയുടെ വില്‍പ്പനയില്‍ 18 ശതമാനം ഇടിവുണ്ടായി. അതേസമയം എം.ജി മോട്ടോറിന്റെ ഇ കാർ വില്‍പ്പന 149 ശതമാനം ഉയർന്ന് 3,765 യൂണിറ്റുകളായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ മാസം 2,632 വൈദ്യുതി കാറുകളാണ് വിറ്റഴിച്ചത്.
ഉത്പാദനത്തില്‍ വെല്ലുവിളിയേറുന്നു
വാങ്ങല്‍ താത്പര്യമേറുകയാണെങ്കിലും നിർമ്മാണ സാമഗ്രികളുടെ ലഭ്യതയിലുണ്ടാകുന്ന ഇടിവ് വൈദ്യുതി വാഹന ഉത്പാദന രംഗത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഈയിടെ അപൂർവ മൂലകങ്ങളായ മാഗ്നെറ്റ് ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതാണ് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
വൈദ്യുതി മോട്ടോറുകളുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ മൂലകങ്ങളില്‍ 85 ശതമാനവും ചൈനയുടെ കൈവശമാണ്. മൂലകങ്ങളുടെ ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ വാഹനങ്ങള്‍ വാങ്ങാൻ ഉപഭോക്താക്കള്‍ ദീർഘകാലം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഫെഡ വ്യക്തമാക്കുന്നു.