ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപവ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

രാജ്യത്തെ 100 ശുചിത്വനഗരങ്ങളിൽ ഇടംനേടി കേരളത്തിലെ എട്ട് നഗരങ്ങൾ

തിരുവനന്തപുരം: രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ ഇടംനേടി കേരളത്തില്‍ നിന്നുള്ള എട്ട് നഗരങ്ങള്‍. ചരിത്രത്തിലാദ്യമായിട്ടാണ് ദേശീയ ശുചിത്വ റാങ്കിങില്‍ കേരളം തിളക്കമേറിയ നേട്ടം കൈവരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കഴിഞ്ഞ വർഷം ആയിരത്തിനുള്ളില്‍ പോലും ഒറ്റ നഗരസഭയും ഇടം പിടിക്കാതിരുന്നിടത്തുനിന്നാണ് മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി സംസ്ഥാനം ചരിത്രം കുറിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ 93 നഗരസഭകളില്‍ 82 നഗരസഭകളും ആയിരത്തിനുള്ളില്‍ ഇടം നേടി. മട്ടന്നൂർ നഗരസഭ സ്പെഷ്യല്‍ കാറ്റഗറിയിലെ മിനിസ്റ്റീരിയല്‍ അവാർഡ് സ്വന്തമാക്കി. ഡല്‍ഹി വിഗ്യാൻ ഭവനില്‍ നടന്ന ചടങ്ങില്‍ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്തും മന്ത്രി എംബി രാജേഷും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം നഗരസഭ വാട്ടർ പ്ലസ് പദവി സ്വന്തമാക്കി.

വെളിയിട വിസർജ്യമുക്തവും മാലിന്യജല സംസ്കരണത്തിലെ മികവും കണക്കാക്കിയാണ് പുരസ്കാരം. ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ നഗരമാണ് തിരുവനന്തപുരം.

13 നഗരങ്ങള്‍ക്ക് ഒഡിഎഫ്, 77 നഗരങ്ങള്‍ക്ക് ഒഡിഎഫ് പ്ലസ്, മൂന്ന് നഗരങ്ങള്‍ക്ക് ഒഡിഎഫ് പ്ലസ് പ്ലസ് റേറ്റിങും ലഭിച്ചു. മാലിന്യമുക്ത നഗരങ്ങള്‍ക്കുള്ള (garbage free city star rating) ത്രീ സ്റ്റാർ റേറ്റിങ് മൂന്ന് നഗരങ്ങളും വണ്‍ സ്റ്റാർ റേറ്റിങ് 20 നഗരങ്ങളും സ്വന്തമാക്കി.

ആദ്യ നൂറില്‍ സ്ഥാനം പിടിച്ച നഗരസഭകള്‍
കൊച്ചി 50
മട്ടന്നൂർ 53
തൃശൂർ 58
കോഴിക്കോട് 70
ആലപ്പുഴ 80
ഗുരുവായൂർ 82
തിരുവനന്തപുരം 89
കൊല്ലം 93

കഴിഞ്ഞ വർഷം കൊച്ചിയുടെ റാങ്ക് 3963 ഉം മട്ടന്നൂരിലേത് 1854 ഉം, ഗുരുവായൂരിന്റേത് 2364 മായിരുന്നു. ഈ നിലയില്‍ നിന്നാണ് നഗരങ്ങളുടെ മുന്നേറ്റം. കേരളത്തിലെ നഗരങ്ങള്‍ക്ക് കഴിഞ്ഞ വർഷം ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക് 1370 ആയിരുന്നു.

ഈ വർഷത്തെ ഏറ്റവും താഴ്ന്ന റാങ്കിങ് 1385 ആണ്. സ്റ്റാർ റേറ്റിങ്ങ് ഇതുവരെ കേരളത്തിലെ ഒരു നഗരസഭയ്ക്കും ലഭിച്ചിരുന്നില്ല. ഇത്തവണ 23 നഗരസഭകള്‍ സ്റ്റാർ റേറ്റിങ്ങ് കരസ്ഥമാക്കി. ആലപ്പുഴ, ഷൊർണൂർ, പട്ടാമ്ബി എന്നീ മൂന്ന് നഗരസഭകള്‍ക്ക് ത്രീസ്റ്റാർ പദവി നേടാനായി.

സ്വച്ഛ് സർട്ടിഫിക്കേഷനുകളില്‍ ഏറ്റവും ഉയർന്ന റേറ്റിങായ വാട്ടർ പ്ലസ് തിരുവനന്തപുരം കോർപ്പറേഷൻ നേടി. കൊച്ചി, കല്‍പ്പറ്റ, ഗുരുവായൂർ നഗരസഭകള്‍ക്ക് ഒഡിഎഫ്++ ഉം, 77 നഗരസഭകള്‍ക്ക് ഒഡിഎഫ്+ സർട്ടിഫിക്കേഷനും ലഭിച്ചു.

ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ സംസ്ഥാന സർക്കാർ തീവ്രമായി നടപ്പിലാക്കിയ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ കേരളം ഒന്നുചേർന്ന് നടത്തിയ വലിയ മുന്നേറ്റമാണ് ഈ ഓരോ പുരസ്കാരങ്ങളിലൂടെയും അംഗീകരിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

X
Top