
കോഴിക്കോട്: വര്ഷങ്ങളായുള്ള മലബാറുകാരുടെ ആവശ്യമായ ആനക്കാംപൊയില്-കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിര്മാണത്തിനായുള്ള സാമ്പത്തിക ടെന്ഡര് ഈ മാസം അവസാനത്തോടെ തുറക്കും.
രണ്ട് പാക്കേജുകളാക്കിയാണ് ടെന്ഡര് തുറക്കുന്നത്. ഇതില് ഒന്നാംപാക്കേജില് അഞ്ചുകമ്പനികളും രണ്ടാം പാക്കേജില് എട്ടുകമ്പനികളുമാണ് പങ്കെടുത്തത്.
പദ്ധതിയുടെ ഒരു പാലം ഉള്പ്പെടുന്ന 400 മീറ്ററാണ് ആദ്യ പാക്കേജില് ഉള്പ്പെടുന്നത്. രണ്ടാമത്തെ പാക്കേജിലാണ് തുരങ്കപാത വരുന്നത്. താത്പര്യം അറിയിച്ച 13 കമ്പനികള് സാങ്കേതിക ടെന്ഡറില് സമര്പ്പിച്ച രേഖകള് പരിശോധിച്ചശേഷമാണ് യോഗ്യതയുള്ളവരുടെ സാമ്പത്തിക ടെന്ഡറുകള് തുറക്കുക.
സാമ്പത്തിക ടെന്ഡറുകള് മേയ് അവസാനത്തോടെ തുറക്കുമെന്ന് പദ്ധതി ചുമതല ഏറ്റെടുത്ത കൊങ്കണ് റെയില്വേ അധികൃതര് പറഞ്ഞു.
യോഗ്യത നിശ്ചയിക്കുന്നതിനായി ചില മാനദണ്ഡങ്ങള് കമ്പനികളെ അറിയിച്ചിട്ടുണ്ട്. അതനുസരിച്ചാണ് കമ്പനികളെ തിരഞ്ഞെടുക്കുക.
1736.45 കോടി രൂപയ്ക്ക് കൊങ്കണ് റെയില്വേ കോര്പ്പറേഷനാണ് ടെന്ഡര് വിളിച്ചിരിക്കുന്നത്. നാലുവര്ഷംകൊണ്ട് പ്രവൃത്തി പൂര്ത്തീകരിക്കണമെന്നും ടെന്ഡറില് നിര്ദേശമുണ്ട്.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിനടുത്ത് മറിപ്പുഴ വില്ലേജില് നിന്നാണ് തുരങ്കപാതയുടെ തുടക്കം. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില് അവസാനിക്കും. കള്ളാടിയില് 250 മീറ്റര് നീളത്തില് റോഡും മറിപ്പുഴ ഭാഗത്ത് 750 മീറ്റര് പാലവും പണിയണം.
കള്ളാടിവരെയും മറിപ്പുഴവരെയും നിലവില് റോഡുണ്ട്.