
. കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് 120 കോടി രൂപയുടെ വിറ്റുവരവ്
കൊച്ചി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് ഈസ്റ്റി. വിതരണ ശൃംഖലയുടെ വിപുലീകരണത്തിലൂന്നിയ പദ്ധതികളാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 30,000 റീടെയ്ൽ ഔട്ലെറ്റുകളുളള കമ്പനി അടുത്ത 15 മാസത്തിനുള്ളിൽ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 1968-ൽ എംഇ മീരാൻ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി, 2022-ൽ ഈസ്റ്റേൺ ഗ്രൂപ്പിൽ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് വേഗത്തിൽ വളർച്ച പ്രാപിച്ചത്. ഇതിനോടകം 20 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച ഈസ്റ്റി, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
2024-2025 സാമ്പത്തിക വർഷം 120 കോടി രൂപയാണ് ഈസ്റ്റിയുടെ വിറ്റുവരവ്. ടീ ബ്രാൻഡ് എന്നതിലുപരി ഒരു മികച്ച വിതരണ പ്ലാറ്റ്ഫോമായി വളരുന്നതിനാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓരോ ചായക്കടകളും എക്സിക്യൂട്ടിവുകൾ സന്ദർശിച്ചുവെന്നും കമ്പനി ഉറപ്പാക്കുന്നുണ്ട്. ”രുചിയിൽ ഒരുപാട് വ്യത്യാസം ഇല്ലെങ്കിലും ഓരോ ഉപഭോക്താക്കൾക്കും ഓരോ രുചികളാണ് ഇഷ്ടമാവുക. ഒരിക്കൽ രുചി ഇഷ്ടപ്പെട്ടാൽ, അത് ലഭ്യമല്ലാതെ വരുമ്പോൾ മാത്രമാകും ഉപഭോക്താക്കൾ മറ്റൊരു രുചി തേടുക. അതിനാൽ വിപണിയിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്നതിലും ഈസ്റ്റി പ്രാധാന്യം നല്കുന്നു.”, ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.
ഓണം സ്പെഷ്യൽ ചായയും, പുതിയ ഉത്പ്പന്നങ്ങളും

ഓണം പ്രമാണിച്ച്, ഈസ്റ്റി പുതിയ പ്രീമിയം ചായയായ ഈസ്റ്റ് സ്പെഷ്യൽ പുറത്തിറക്കി. 100 ഗ്രാമിന് 22 രൂപയാണ് വില. “ഗുണമേന്മയിലും, രുചിയിലും ഞങ്ങൾ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈസ്റ്റി കേരളത്തിലെ ഏറ്റവും വിശ്വസ്ഥമായ ചായ ബ്രാൻഡാക്കി മാറ്റിയത്. ഇനി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, എഫ്എംസിജി രംഗത്ത് ഏറ്റെടുക്കലുകൾ നടത്താനും പദ്ധതിയുണ്ടെന്ന് നവാസ് മീരാൻ പറഞ്ഞു.
ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച്, ഡാർജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഓർഗാനിക്, ഓർത്തഡോക്സ് ചായ ഇനങ്ങളും വിപണിയിലെത്തിക്കാൻ ഈസ്റ്റി തയ്യാറെടുക്കുന്നുണ്ട്. ശക്തമായ അടിത്തറയും, വ്യക്തമായ വളർച്ചാ ലക്ഷ്യങ്ങളുമായി മുന്നേറുന്ന ഈസ്റ്റി, ഇന്ത്യൻ എഫ്എംസിജി രംഗത്തെ ശക്തമായ സാന്നിധ്യമായി മാറുന്നതിനുളള തയ്യാറെടുപ്പിലാണ്