
മുംബൈ: എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമായ ഡ്രീംഫോക്സ് സർവീസസ് ലിമിറ്റഡ് 253 കോടി രൂപ സമാഹരിച്ചു. പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്ന പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്നാണ് കമ്പനി ധന സമാഹരണം നടത്തിയത്.
നിക്ഷേപരിൽ ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ചൽ ഫണ്ട്, സുന്ദരം മ്യൂച്ചൽ ഫണ്ട്, ക്വാണ്ട് മ്യൂച്ചൽ ഫണ്ട്, സൊസൈറ്റ് ജനറലെ, ബിഎൻപി പാരിബാസ്, സൈന്റ്റ് ക്യാപിറ്റൽ ഫണ്ട്, സീഗന്ററ്റി ഇന്ത്യ മൗറീഷ്യസ്, കുബെർ ഇന്ത്യ ഫണ്ട്, സ്മാൾക്യാപ് വേൾഡ് ഫണ്ട് എന്നിവ ഉൾപ്പെടുന്നു. ആങ്കർ നിക്ഷേപകർക്ക് 7.76 കോടി ഓഹരികൾ ഒരു ഓഹരിക്ക് 326 രൂപ നിരക്കിൽ അനുവദിക്കാൻ കമ്പനി തീരുമാനിച്ചു. ഈ ഇടപാടിന്റെ വലുപ്പം 253 കോടി രൂപയാണ്.
പ്രമോട്ടർമാരായ പീറ്റർ കല്ലാട്ട്, ദിനേശ് നാഗ്പാൽ, മുകേഷ് യാദവ് എന്നിവരുടെ 1.72 കോടി വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫർ-ഫോർ-സെയിൽ (OFS) ആണ് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ). കമ്പനിയുടെ ഈ ഓഫർ പെയ്ഡ്-അപ്പ് ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ ഏകദേശം 33 ശതമാനം വരും.
ലോഞ്ചുകൾ, ഭക്ഷണ പാനീയങ്ങൾ, സ്പാ, മീറ്റ് ആൻഡ് അസിസ്റ്റ് എയർപോർട്ട് ട്രാൻസ്ഫർ, ട്രാൻസിറ്റ് ഹോട്ടലുകൾ, ബാഗേജ് ട്രാൻസ്ഫർ സേവനങ്ങൾ തുടങ്ങിയ എയർപോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് പ്രവേശനം നേടാൻ സഹായിക്കുന്ന കമ്പനിയാണ് ഡ്രീംഫോക്സ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തന വരുമാനം 367.04 കോടി രൂപയായിരുന്നു. ഇക്വിറസ് ക്യാപിറ്റലും മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്സുമാണ് കമ്പനിയുടെ ഐപിഒ ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.