
- വൈദ്യുതിനിരക്ക് സ്വമേധയാ കൂടും
- സംസ്ഥാനങ്ങളുടെ അധികാരത്തിനു നിയന്ത്രണം
ന്യൂഡൽഹി: വൈദ്യുതിനിരക്ക് കുത്തനെകൂടാൻ വഴിയൊരുക്കുന്ന പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. റെഗുലേറ്ററി കമ്മിഷനുകൾ നിരക്ക് കൂട്ടിയില്ലെങ്കിലും വർഷംതോറും നിരക്ക് സ്വമേധയാ കൂടുന്ന സംവിധാനംവേണമെന്നാണ് നിർദേശം.
വൈദ്യുതി വാങ്ങുന്നതിൽ കമ്പനികൾക്കുണ്ടാകുന്ന ചെലവിലെ വർധന റെഗുലേറ്ററി കമ്മിഷനുകളുടെ തീരുമാനമില്ലാതെത്തന്നെ ഈടാക്കണം. വൈദ്യുതിവിതരണ ലൈനുകളിലൂടെ വൈദ്യുതി ലഭ്യമാക്കുന്നതിന് സ്വകാര്യ കമ്പനികളെയും അനുവദിക്കണം. നയത്തിന്റെ കരട് സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനയച്ചു.
വിതരണക്കമ്പനികൾ സമർപ്പിക്കുന്ന വാർഷിക വരവുചെലവ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ റെഗുലേറ്ററി കമ്മിഷനുകളാണ് വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ, കമ്മിഷനുകൾ നിശ്ചയിച്ചില്ലെങ്കിലും വർഷംതോറും നിരക്കു കൂടുന്ന തരത്തിൽ ഇൻഡക്സ് നിശ്ചയിക്കണമെന്നാണ് പുതിയ വൈദ്യുതിനയം ആവശ്യപ്പെടുന്നത്.
ഇപ്പോൾ സംസ്ഥാനസർക്കാരുകളുടെ കൂടി താത്പര്യം മനസ്സിലാക്കിയാണ് നിരക്കിന്റെ കാര്യത്തിൽ കമ്മിഷനുകൾ തീരുമാനമെടുക്കുന്നത്. ഇതിലാണ് മാറ്റംവരാൻ പോകുന്നത്. വൈദ്യുതി വാങ്ങൽച്ചെലവ് കൂടുന്നതനുസരിച്ച് സർച്ചാർജ് ചുമത്തുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങളും കരടുനയം അംഗീകരിച്ചാൽ ഇല്ലാതാവും.
നിരക്കുകൂട്ടുന്നതിൽ കമ്മിഷനുകളുടെ തീരുമാനം പലപ്പോഴും നീണ്ടുപോകുന്നത് വൈദ്യുതിവിതരണക്കമ്പനികളുടെ നഷ്ടം ഉയർത്തുന്നുവെന്ന വിലയിരുത്തലിലാണ് പരിഷ്‌കരണ രീതിയിൽ നിർണായകമാറ്റത്തിന് കേന്ദ്രം ഒരുങ്ങുന്നത്.
കേരളത്തിൽ ഇപ്പോൾ സൗജന്യവൈദ്യുതി നൽകുന്നതിന് സർക്കാർ നൽകേണ്ട സബ്‌സിഡി വൈദ്യുതി ബോർഡും സർക്കാരുമായുള്ള മറ്റു ബാധ്യതകളിൽ തട്ടിക്കിഴിക്കുകയാണ്. ഈ രീതി അവസാനിപ്പിക്കാനും നയം നിർദേശിക്കുന്നു. മുൻകൂർ സബ്‌സിഡി നൽകിയാൽ മാത്രമേ സൗജന്യ വൈദ്യുതി അനുവദിക്കാവൂ.
സാമ്പത്തികബുദ്ധിമുട്ടു നേരിടുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കമേൽ അമിതഭാരം ചുമത്താൻ ഇതു വഴിയൊരുക്കും. സബ്‌സിഡിയൊഴിവാക്കാൻ നിർബന്ധിതമായാൽ അത് കേരളത്തിലെ വലിയ വിഭാഗം ഗാർഹിക ഉപഭോക്താക്കളെ ബാധിക്കും. ഒരു വിഭാഗത്തിന് കൂടുതൽ നിരക്ക് ചുമത്തി മറ്റ് വിഭാഗങ്ങൾക്ക് സൗജന്യമായി നൽകുന്ന ക്രോസ് സബ്‌സിഡിയും ഒഴിവാക്കണം.
സമവർത്തിപട്ടികയിലുള്ള വൈദ്യുതിയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിന് കൂച്ചുവിലങ്ങിടുന്ന വ്യവസ്ഥകളാണ് പുതിയ നയത്തിലെന്ന വിമർശനം ഉർന്നുകഴിഞ്ഞു. എല്ലാം കേന്ദ്ര വൈദ്യുതി അതോറിറ്റിയിലേക്ക് കേന്ദ്രീകരിക്കപ്പെടും.
വൈദ്യുതിവിതരണ കമ്പനികൾ വൈദ്യുതിവിതരണം നഷ്ടമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനായി ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യണം. ഈ പദ്ധതികളുടെ ഏകോപനച്ചുമതല കേന്ദ്ര വൈദ്യുതി അതോറിറ്റിക്കായിരിക്കും.
ക്രോസ് സബ്‌സിഡി സർച്ചാർജിൽനിന്ന് നിർമാണയൂണിറ്റുകൾ റെയിൽവേ, മെട്രോ എന്നിവയെ ഒഴിവാക്കി. വിതരണ, പ്രസരണ നഷ്ടം കുറയ്ക്കുന്നതിനായി പ്രീപെയ്ഡ് സ്മാർട്ട് മീറ്ററിങ് നടപ്പാക്കണം. പ്രസരണ, വിതരണനഷ്ടം ഒറ്റയക്കത്തിലെത്തിക്കണം. 2032-ഓടെ നാലരലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയുടെ ഊർജമേഖലയിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രനീക്കമെന്ന് കരടുനയം വിശദമാക്കുന്നു.
മറ്റു പ്രധാന വ്യവസ്ഥകൾ
പാരമ്പര്യേതര, നവീന ഊർജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കണം
ഗ്രിഡിന്റെ സ്ഥിരത നിലനിർത്താൻ താപവൈദ്യുതി ഉത്പാദനം തുടരണം
പുതിയ ശാന്തി നിയമത്തിന്റെ അടിസ്ഥാനത്തില് നവീന ആണവ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തിയും മറ്റും 2047-ഓടെ 100 ഗിഗാവാട്ട് ലക്ഷ്യം കൈവരിക്കണം.
സ്ഥാപിതശേഷി നാലിരട്ടിയായെന്ന് കേന്ദ്രം
2005-ലെ കേന്ദ്രവൈദ്യുതിനയത്തിനു പകരമായാണ് പുതിയ നയം കൊണ്ടുവരുന്നത്. ഇക്കാലയളവിൽ ഇന്ത്യയുടെ സ്ഥാപിതശേഷി നാലിരട്ടി വർധിച്ചു. 2021-ഓടെ സമ്പൂർണ വൈദ്യുതീകരണം യാഥാർഥ്യമായി.
ആളോഹരി വൈദ്യുതി ഉപയോഗം 2024-25-ൽ 1460 കിലോവാട്ട് അവർ ആയി ഉയർന്നു. എങ്കിലും വിതരണ കമ്പനികളുടെ സഞ്ചിതനഷ്ടം 6.9 ലക്ഷം കോടി രൂപയാണ്.






