
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (CIAL) ഡയറക്‌ടർ ബോർഡ് അംഗമായി ഡോ. വിജു ജേക്കബ് നിയമിതനായി. മൂല്യവർദ്ധിത സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ശ്രദ്ധേയമായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനാണ് ഡോ. വിജു ജേക്കബ്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശ്ശേരിയില്‍ എയര്‍പോര്‍ട്ട് സാക്ഷാത്കരിക്കാനുള്ള നീക്കങ്ങളുടെ പ്രാരംഭഘട്ടത്തില്‍ തന്നെ അതിനായി രംഗത്തിറങ്ങിയ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സി വി ജേക്കബ്ബിന്റെ മകനാണ് ഡോ. വിജു ജേക്കബ്.
സി വി ജേക്കബ് ആദ്യഘട്ടത്തില്‍ തന്നെ 25 ലക്ഷം രൂപയുടെ ഷെയര്‍ വാങ്ങുകയായിരുന്നു. ഇത് മറ്റ് വ്യവസായികള്‍ക്കും പ്രചോദനമാകുകയും ചെയ്തു. ചെയ്യുന്നതെന്തും വ്യത്യസ്തമായി ചെയ്യാന്‍ സവിശേഷ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് ഡോ. വിജു ജേക്കബ്.
സിയാല്‍ വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം കയറുന്ന ഈ ഘട്ടത്തില്‍ ഡോ. വിജു ജേക്കബ്ബിന്റെ അനുഭവ സമ്പത്തും നൂതനമായ കാഴ്ചപ്പാടുകളും മുതല്‍ക്കൂട്ടാവുകയും ചെയ്യും.
കേരളത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് കൊച്ചി. ദിവസവും 50,000 ത്തില്‍ അധികം യാത്രക്കാരാണ് ഇവിടെ നിന്ന് യാത്ര ചെയ്യുന്നത്. ഒരു ലക്ഷത്തോളം പേര്‍ ദിവസവും യാത്രാ അനുബന്ധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നതായാണ് കണക്കാക്കുന്നത്.
നാന്നൂറിലധികം സർക്കാർ, സർക്കാർ ഇതര ഏജൻസികളും 30 എയർലൈനുകളും ഹോട്ടലുകളുൾപ്പെടെ ഇരുന്നൂറോളം കമേഴ്സ്യൽ സ്ഥാപനങ്ങളും 12,000 ജീവനക്കാരും ഈ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു.
200 കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പാക്കുന്ന സിയാല്‍ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍വത്ക്കരണമെന്ന ലക്ഷ്യം കൈവരിക്കുകയാണ്.
700 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന്റെ ഭാഗമായ ഏപ്രൺ നിർമാണം അന്തിമ ഘട്ടത്തിലാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 45 ശതമാനം ലാഭവിഹിതമാണ് സിയാല്‍ നിക്ഷേപകർക്ക് നൽകിയത്.