കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച ഉണർവിന്റെയും ടിക്കറ്റ് നിരക്കിലെ കുറവിന്റെയും കരുത്തിൽ ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്നു.
മേയ് മാസത്തിൽ ഇന്ത്യയിലെ മൊത്തം വിമാന യാത്രികർ മുൻവർഷം ഇതേകായളവിനേക്കാൾ 5.1 ശതമാനം ഉയർന്ന് 13.89 കോടിയിലെത്തി. കൊവിഡ് രോഗവ്യാപനത്തിന് മുൻപുണ്ടായിരുന്ന പ്രതിമാസ യാത്രികരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം വർദ്ധനയാണ് കഴിഞ്ഞ മാസമുണ്ടായത്.
ഗോ എയറും ജെറ്റ് എയർവേയ്സും ഉൾപ്പെടടെയുള്ള കമ്പനികൾ പൂട്ടിയെങ്കിലും ഇന്ത്യൻ വ്യോമയാന രംഗം മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് നഷ്ടം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇക്ര വ്യക്തമാക്കി. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വ്യോമയാന മേഖലയിലെ നഷ്ടം 17,000 കോടി രൂപയിലധികമായിരുന്നു.
കഴിഞ്ഞ വർഷം നഷ്ടം 10,000 കോടി രൂപയിലും താഴെയെത്തി. നടപ്പുസാമ്പത്തിക വർഷത്തോടെ വിമാന കമ്പനികളുടെ നഷ്ടം നാലായിരം കോടി രൂപയായി കുറയുമെന്നും ഇക്ര വ്യക്തമാക്കി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ വിമാന ഇന്ധനത്തിന്റെ വില സ്ഥിരതയിൽ നീങ്ങുന്നതാണ് പ്രവർത്തനം മെച്ചപ്പെടുത്താൻ കമ്പനികളെ സഹായിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി ഇന്ധന വില കിലോ ലിറ്ററിന് 1.03 ലക്ഷം രൂപയാണ്.
2022-23 വർഷത്തിൽ വില 1.21 ലക്ഷം രൂപയായിരുന്നു. എന്നാൽ കൊവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വില ഇപ്പോഴും 55 ശതമാനം ഉയർന്ന തലത്തിലാണ്.
ഇന്ധന വിലയിലെ കുറവാണ് വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് പോലും പ്രാപ്യമായ സാഹചര്യമൊരുക്കിയത്. വിമാന കമ്പനികളുടെ മൊത്തം ചെലവിൽ 45 ശതമാനവും ഇന്ധന വിലയാണ്.
മേയിൽ യാത്രക്കാരുടെ എണ്ണം 13.89 കോടിയായി.