ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

സണ്‍ ടിവി കുടുംബത്തില്‍ കലഹം; ദയാനിധി മാരന്‍ കലാനിധി മാരനെതിരേ വക്കീല്‍ നോട്ടീസ് അയച്ചു

മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ സഹോദരനും സണ്‍ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഉടമകളാണ് ഇരുവരും. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ കലാനിധി മാരന്‍ ഏര്‍പ്പെട്ടുവെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

2003ല്‍ സ്ഥാപിതമായ യഥാര്‍ത്ഥ ഘടനയിലേക്ക് കമ്പനിയുടെ ഓഹരി പങ്കാളിത്തം പുനഃസ്ഥാപിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

കലാനിധി മാരൻ, ഭാര്യ കാവേരി മാരൻ മറ്റ് ഏഴ് പേര്‍ എന്നിവർക്കാണ് ജൂണ്‍ 10ന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനമായ ലോ ധര്‍മയിലെ കെ സുരേഷ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കലാനിധി മാരനും കാവേരി മാരനും കൂട്ടാളികളും ചേര്‍ന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം.

പിതാവിന്റെ ആരോഗ്യം ഗുരുതരവാസ്ഥയിലായിരിക്കുമ്പോള്‍, അദ്ദേഹം ഏത് നിമിഷവും മരിക്കാമെന്ന സാഹചര്യത്തില്‍ കുടുംബം മുഴുവന്‍ ആശങ്കപ്പെട്ടിരിക്കുമ്പോള്‍ 2003 സെപ്റ്റംബറിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

നോട്ടീസ് ആരംഭിക്കുന്നത് മാരന്‍ സഹോദരങ്ങളുടെ പിതാവായ മുരസോളി മാരന്റെ(എസ്എന്‍ മാരൻ) അനാരോഗ്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ടാണ് നോട്ടീസ് ആരംഭിക്കുന്നത്.

2003 സെപ്റ്റംബറിലെ തിരിമറി
2003ല്‍ മുരസോളി മാരന്റെ മരണത്തിന് ശേഷം മരണ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നിയമപരമായ അവകാശി സര്‍ട്ടിഫിക്കറ്റ് പോലെയുള്ള രേഖകളില്ലാതെ ഓഹരികള്‍ അമ്മ മല്ലിക മാരന് കൈമാറിയതായി നോട്ടീസില്‍ ആരോപിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുള്ളിലോ ആണ് ഇത് സംഭവിച്ചത്. പിന്നീട് കലാനിധി മാരന് ഓഹരികള്‍ കൈമാറാന്‍ സഹായിക്കുന്നതിനായാണ് ഈ കൈമാറ്റം നടത്തിയത്.

2003 സെപ്റ്റംബര്‍ 15ന് കലാനിധി മാരന് 10 രൂപ വീതം 12 ലക്ഷം ഇക്വിറ്റി ഓഹരികള്‍ അനുവദിച്ചുവെന്നും ഇത് ക്രമിനല്‍ വിശ്വാസ ലംഘനവും വഞ്ചനയും നിറഞ്ഞ നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്നും നോട്ടീസില്‍ പറയുന്നു. അന്ന് ഓഹരികളുടെ മൂല്യം 2500 രൂപ മുതല്‍ 3000 രൂപ വരെയായിരുന്നു.

ഈ സമയത്ത് കമ്പനി സാമ്പത്തികമായി ശക്തമായിരുന്നു. പണം സ്വരൂപിക്കേണ്ട ആവശ്യമില്ലായിരുന്നു. അതിനാല്‍ ഈ ഓഹരികള്‍ അനുവദിക്കാന്‍ ഒരു കാരണവുമില്ലെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടി.

ഇതിന് മുമ്പ് കലാനിധിക്ക് ഓഹരികളൊന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇതിന് ശേഷം അദ്ദേഹം ഓഹരി ഉടമസ്ഥതയില്‍ മുന്നിലെത്തി.

നിലവില്‍ ലിസ്റ്റു ചെയ്ത സണ്‍ ടിവി നെറ്റ് വര്‍ക്കില്‍ കലാനിധി മാരന് 75 ശതമാനം ഉടമസ്ഥതയുണ്ട്. 2.9 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരില്‍ ഒരാളുമാണ് അദ്ദേഹം.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(എസ്എഫ്‌ഐഒ) മുഖാന്തിരം സര്‍ക്കാര്‍ തല അന്വേഷണം ആവശ്യപ്പെടുമെന്നും നോട്ടീസില്‍ പറയുന്നു.

12 ലക്ഷം ഇക്വിറ്റി ഓഹരികള്‍ അനുവദിച്ചതിലൂടെ 1.2 കോടി രൂപ നല്‍കിയതായി ആരോപിക്കുന്ന തുകയും, ഈ 12 ലക്ഷം ഇക്വിറ്റി ഓഹരികളുടെ യഥാര്‍ത്ഥ മൂല്യമായ 3500 കോടി രൂപയും തമ്മിലുള്ള വ്യത്യാസം കുറ്റകൃത്യത്തിന്റെ തോത് വ്യക്തമാക്കുന്നതായും ദയാനിധി മാരന്‍ അയച്ച നോട്ടീല്‍ ആരോപിക്കുന്നു.

2023ല്‍ 5926 കോടി രൂപയുടെയും 2024ല്‍ മാത്രം 455 കോടി രൂപയുടെയും ലാഭ വിഹിതം കലാനിധിക്ക് ലഭിച്ചുവെന്നും ദയാനിധി കൂട്ടിച്ചേര്‍ത്തു.

കരുണാനിധിയുടെയും മാരന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള മുന്‍ തര്‍ക്കവും നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.

2006ല്‍ ഫയല്‍ ചെയ്ത റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ സണ്‍ ടിവി അതിന്റെ പങ്കാളികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിക്കുന്നു.

”31-12-2005ലെ കണക്കനുസരിച്ച് മല്ലിക മാരന് ലാഭവിഹിതമായി 10.64 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് സണ്‍ടിവി ലിമിറ്റഡിന്റെ റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ നിങ്ങള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, 2005ല്‍ ലാഭവിഹിതമായി അത്തരമൊരു തുക നല്‍കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ തെറ്റായി വിവരങ്ങള്‍ നല്‍കി പൊതുജനങ്ങളെ വഞ്ചിച്ചു,” നോട്ടീസ് ആരോപിച്ചു.

‘ഈ കുറ്റകൃത്യങ്ങളുടെ വരുമാനം ഉപയോഗിച്ച് സണ്‍ ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ്, കല്‍ റേഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, കല്‍ എയര്‍വേയ്സ് പ്രൈവറ്റ് ലിമിറ്റഡ്, കല്‍ പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സൗത്ത് ഏഷ്യന്‍ എഫ്എം, സണ്‍ പിക്ചേഴ്സ്, ദക്ഷിണാഫ്രിക്കയിലെ എ ക്രിക്കറ്റ് ടീം, യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു ക്രിക്കറ്റ് ടീം, സ്പൈസ് ജെറ്റ് തുടങ്ങിയ വിലപ്പെട്ട ആസ്തികള്‍ അല്ലെങ്കില്‍ കമ്പനികള്‍ സ്വന്തമാക്കിയതായും മറ്റ് ഡൗണ്‍സ്ട്രീം നിക്ഷേപങ്ങള്‍ നടത്തിയതായും’ നോട്ടീസിൽ ആരോപിക്കുന്നു.

സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെയും മറ്റ് എല്ലാ അനുബന്ധ കമ്പനികളുടെയും മുഴുവന്‍ ഓഹരി പങ്കാളിത്തവും 2003 സെപ്റ്റംബര്‍ 15ന് നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ഓഹരികള്‍ യഥാര്‍ത്ഥ ഉടമകളായ എം.കെ. ദയാലു(മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ), പരേതനായ എസ്.എന്‍. മാരന്റെ നിയമപരമായ അവകാശികള്‍ എന്നിവര്‍ക്ക് പുനഃസ്ഥാപിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

കൂടാതെ കലാനിധി മാരനും ഭാര്യ കാവേരി കലാനിധിയും 2003 മുതല്‍ ഇന്നുവരെ നിയമവിരുദ്ധമായി സ്വീകരിച്ചതോ കൈവശപ്പെടുത്തിയതോ ആയ മുഴുവന്‍ ആനുകൂല്യങ്ങളും ലാഭവിഹിതവും ആസ്തികളും എല്ലാത്തരം വരുമാനങ്ങളും കാലതാമസമില്ലാതെ എംകെ ദയാലുവിനും എന്‍ മാരന്റെ നിയമപരമായ അവകാശികള്‍ക്കും നല്‍കണമെന്നും നോട്ടീസില്‍ നിര്‍ദേശിക്കുന്നു.

ഇത് പാലിക്കാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 ഒക്ടോബര്‍ ഏഴിന് അയച്ച ഒരു നോട്ടീസിന് അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്നും തുടര്‍ന്ന് കലാനിധി തന്റെ മറ്റൊരു സഹോദരിയായ അന്‍ബുക്കരശിക്ക് ഒത്തുതീര്‍പ്പിന്റെ ഭാഗമായി 500 കോടി നല്‍കിയതായും ദയാനിധി മാരന്‍ ആരോപിച്ചു.

ദയാനിധി മാരന്‍ നല്‍കിയ ഈ നോട്ടീസിന് കലാനിധി മാരന്‍ ഇതുവരെ മറുപടി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇത് വ്യക്തിപരമായ കാര്യമാണെന്നും സണ്‍ ടിവിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

X
Top