
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ നികുതിവരുമാനം നടപ്പുവർഷം സെപ്തംബർ 17വരെയുള്ള കാലയളവിൽ 30 ശതമാനം മുന്നേറി 8.36 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 2021ലെ സമാനകാലത്ത് വരുമാനം 6.42 ലക്ഷം കോടി രൂപയായിരുന്നു.
നടപ്പുവർഷത്തെ പ്രത്യക്ഷ നികുതിവരുമാനത്തിൽ 4.36 ലക്ഷം കോടി രൂപ കോർപ്പറേറ്റ് നികുതിയും 3.98 ലക്ഷം കോടി രൂപ വ്യക്തിഗത ആദായനികുതിയും (ഇൻകം ടാക്‌സ്) സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സുമാണ് (എസ്.ടി.ടി).
റീഫണ്ടുകൾ കിഴിച്ചുള്ള നികുതിവരുമാനം ഏഴ് ലക്ഷം കോടി രൂപയാണ്; വർദ്ധന 23 ശതമാനം. 2021-22ലെ സമാനകാലത്ത് 5.68 ലക്ഷം കോടി രൂപയായിരുന്നു.
പരോക്ഷ നികുതി വർദ്ധന 14%
കേന്ദ്രസർക്കാരിന്റെ പരോക്ഷ നികുതിവരുമാനം നടപ്പുവർഷം ഏപ്രിൽ ഒന്നുമുതൽ ആഗസ്‌റ്റ് 14 വരെ രേഖപ്പെടുത്തിയത് മുൻവർഷത്തെ സമാനകാലയളവിനേക്കാൾ 14 ശതമാനം വർദ്ധന.
നിലവിലെ ട്രെൻഡ് തുടർന്നാൽ നടപ്പുവർഷത്തെ ലക്ഷ്യമായ 13.38 ലക്ഷം കോടി രൂപ അനായാസം മറികടക്കാം.
നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 6.4 ശതമാനത്തിൽ ഒതുക്കിനിറുത്തുകയെന്ന ലക്ഷ്യം നേടാനും നികുതി വരുമാന വളർച്ച സഹായിക്കുമെന്ന് കേന്ദ്രം കുതുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പരോക്ഷ നികുതിവരുമാനം 12.93 ലക്ഷം കോടി രൂപയായിരുന്നു.