
അബുദാബി: യു.എ.ഇ.യുമായി പ്രാദേശിക കറൻസികളിൽ വ്യാപാരംനടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തിന്മേലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ഇന്ത്യയിൽനിന്നുള്ള ബാങ്കിങ്, ധനകാര്യ ഉദ്യോഗസ്ഥർ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി അബുദാബിയിൽ ഇതുസംബന്ധിച്ചുള്ള അന്തിമചർച്ചകൾ നടത്തി.
ഇരു രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതുസംബന്ധിച്ചുള്ള സാധ്യതകൾ നേരത്തേതന്നെ ചർച്ച ചെയ്തു കഴിഞ്ഞിരുന്നു.
പ്രാദേശിക കറൻസികളിൽ ഉഭയകക്ഷിവ്യാപാരം നടത്താനാണ് തീരുമാനമെന്ന് റിസർവ് ബാങ്കിന്റെയും യു.എ.ഇ. സെൻട്രൽ ബാങ്കിന്റെയും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.
ആഭ്യന്തര കറൻസികളിലെ ഇടപാട്, ഇറക്കുമതി-കയറ്റുമതി ചെലവ് കുറയ്ക്കുമെന്നതാണ് പ്രധാനനേട്ടം. പ്രാദേശിക കറൻസികളിൽ ഇടപാടുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു നയരേഖ യു.എ.ഇ.ക്ക് ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഒരു നോഡൽ ഓഫീസറെ യു.എ.ഇ.യും നിയമിച്ചിരുന്നു.
നിലവിൽ യു.എ.ഇ.യുമായുള്ള വ്യാപാരത്തിന് ഇന്ത്യൻ കച്ചവടക്കാർ ആദ്യം ഡോളറിലേക്കും പിന്നീട് ദിർഹത്തിലേക്കും രൂപ മാറ്റിയാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം നേരിട്ട് രൂപ-ദിർഹം ഇടപാടാണ് ഇരുരാജ്യങ്ങളും പരിഗണിക്കുന്നത്.
നിലവിൽ 22.48 രൂപയാണ് ഒരു ദിർഹത്തിന്റെ മൂല്യം. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യു.എ.ഇ. രാജ്യത്തിന്റെ കയറ്റുമതി വിപണിയിൽ രണ്ടാംസ്ഥാനമാണ് യു.എ.ഇ.ക്കുള്ളത്.
കഴിഞ്ഞ വർഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടത്. കൂടാതെ യു.എ.ഇ. കൂടി അംഗമായ ഗൾഫ് കോർപ്പറേഷൻ കൗൺസിലുമായി വ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ.